പുഴുവരിച്ച രോഗിയെ 20 ദിവസം കട്ടിലിൽ കെട്ടിയിട്ടെന്ന് മകന്റെ വെളിപ്പെടുത്തൽ

Wednesday 30 September 2020 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്‌ത അനിൽകുമാറിനെ (55) ഇരുപതോളം ദിവസം കൈകൾ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടതായി മകൻ അഭിലാഷ് വെളിപ്പെടുത്തി.

അച്ഛനാണ് ഇക്കാര്യം തന്നെ അറിയിച്ചത്. അച്ഛന്റെ കൈകൾ തോളിന് സമാന്തരമായാണ് ഇരിക്കുന്നത്. താഴ്‌ത്താൻ പറ്റുന്നില്ല. ശരീരം അനക്കാനും സംസാരിക്കാനും കഴിയാത്ത മനുഷ്യനെയാണ് കെട്ടിയിട്ടത്?​ കെട്ടിയിട്ട കൈയുടെ മുട്ടിന്റെ ഭാഗത്തു നിന്നാണ് രക്തം കുത്തിയെടുത്തത്. ഇതിന്റെ പാടുകൾ ഇപ്പോഴുമുണ്ട്. സമയത്ത് ആഹാരം നൽകിയിരുന്നില്ല. കൊവിഡ് പോസിറ്റീവാകുന്നതിന് മുമ്പ് ഡിസ്ചാർജ് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ബാധിച്ച ശേഷമാണ് ശ്വാസകോശ പ്രശ്‌നങ്ങൾ രൂക്ഷമായത്.

വീട്ടിലെ പടി കയറുമ്പോൾ വീണാണ് അച്ഛന് പരിക്കേറ്റത്. പേരൂർക്കട ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ,​ സ്ഥിതി ഗുരുതരമാണെന്നും എം.ആർ.ഐ സ്കാനിംഗ് വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ജീവനക്കാർ മൂന്ന് ദിവസത്തിന് ശേഷമുള്ള തീയതിയാണ് നൽകിയത്. പുറത്ത് പോയി സ്‌കാൻചെയ്യാൻ അനുവദിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞാണ് സ്‌കാനിംഗ് റിപ്പോർട്ടും കിട്ടിയത്. ശനിയാഴ്ച വിടുതൽ നൽകാമെന്ന് അറിയിക്കുകയായിരുന്നു. പിറ്റേന്ന് അച്ഛനുമായി മടങ്ങാൻ നേരം ചികിത്സാ റിപ്പോർട്ട് തന്നില്ല. പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് തന്നതെന്നും അഭിലാഷ് പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാരുൾപ്പെടെ 10 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ആഗസ്റ്റ് 21ന് മെഡിക്കൽ കോളേജിൽ

ആഗസ്റ്റ് 21നാണ് അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഓർത്തോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ വാർഡിലേക്ക് മാറ്റി. ഓക്സിജൻ നില താഴ്ന്നതോടെ വീണ്ടും ഐ.സി.യുവിലാക്കി. അനിൽകുമാർ ജീവിക്കാൻ സാദ്ധ്യതയില്ലെന്ന് ഡോക്ടർ പറഞ്ഞു. അച്ഛൻ ഗുരുതരാവസ്ഥയിലാണെന്ന് ബോദ്ധ്യപ്പെട്ടതായി ഡോക്ടർമാർ തന്നെക്കൊണ്ട് എഴുതി വാങ്ങി. വീട്ടിലെത്തി ശ്വാസംമുട്ടൽ രൂക്ഷമായപ്പോഴാണ് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴും നില ഗുരുതരമാണ്. മകനും മകളും കൂട്ടിരിക്കുന്നു. മതിയായ ചികിത്സ നൽകിയിരുന്നെങ്കിൽ അച്ഛന് ഇൗ ഗതിയുണ്ടാവില്ലെന്നാണ് ഇവിടുത്തെ ഡോക്ടമാരും പറഞ്ഞത് - അഭിലാഷ് പറഞ്ഞു.

രണ്ടുതോളിലും ഒരിഞ്ച് മുറിവ്

കഴുത്തിലെ കോളർ ഇറുകി തലയുടെ പുറകിൽ രണ്ട് തോളിലും ഒരിഞ്ചോളം മുറിവും അതിൽ പുഴവും പഴുപ്പും കണ്ടതായി ഭാര്യയുടെ പരാതിയിൽ പറയുന്നു.

ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

സംഭവം അന്വേഷിച്ച് ഒക്ടോബർ 20നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പൊലീസ് കമ്മിഷണർക്കും നിർദ്ദേശം നൽകി.

അ​ധി​കൃ​ത​ർ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ത​യാ​റാ​യി​ല്ല

മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​രോ​ഗി​യെ​ ​പു​ഴു​വ​രി​ച്ച​ ​നി​ല​യി​ൽ​ ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ​ ​അ​നി​ൽ​കു​മാ​റി​നെ​ ​ഇ​രു​പ​ത് ​ദി​വ​സ​ത്തോ​ളം​ ​ക​ട്ടി​ലി​ൽ​ ​കെ​ട്ടി​യി​ട്ടെ​ന്ന​ ​മ​ക​ന്റെ​ ​ആ​രോ​പ​ണ​ത്തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ത​യാ​റാ​യി​ല്ല.

മികച്ച ചികിത്സ നൽകുന്നുണ്ട്. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ചികിത്സ സൗജന്യമാണ്.

-പേരൂർക്കട ജില്ലാ ആശുപത്രി സൂപ്രണ്ട്