കെ.പി.സി.സി സെക്രട്ടറിമാർ ചുമതലയേറ്റു; വ്യക്തി താത്പര്യങ്ങൾക്ക് സ്ഥാനമില്ല: മുല്ലപ്പള്ളി

Wednesday 30 September 2020 1:05 AM IST

തിരുവനന്തപുരം: ആശയ സംഘർഷങ്ങൾ ആകാമെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറിമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ അദ്ധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള വേദി കോൺഗ്രസിലുണ്ട്. താൻ അദ്ധ്യക്ഷനായ അന്നുമുതൽ പാർട്ടി വേദികളിൽ പരിപൂർണ ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ നേതൃത്വത്തെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പ്രകീർത്തിച്ചു.

ഭാരവാഹി പട്ടികയിൽ എല്ലാവിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം കൊടുക്കാൻ ഒരു പരിധിവരെ കഴിഞ്ഞുവെങ്കിലും അർഹതയുള്ള പലരെയും ഉൾപ്പെടുത്താൻ സാധിച്ചില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മനഃപൂർവ്വം ആരെയും ഒഴിവാക്കിയിട്ടില്ല.താനടക്കമുള്ള ഭാരവാഹികൾ എല്ലാം തികഞ്ഞവരല്ല.ന്യൂനതകളും പോരായ്മകളും എല്ലാവർക്കും കാണും. അത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അഴിമതിയിൽ മുങ്ങിത്താണ സർക്കാർ കൊവിഡിന്റെ മറവിൽ കൊള്ളനടത്തുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനാധിപത്യ അവകാശങ്ങളെ കേന്ദ്രസർക്കാർ ചവിട്ടി മെതിക്കുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. നിയമസഭ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടിയെ ആദരിച്ചു. പുതിയ ഭാരവാഹികൾക്ക് മുല്ലപ്പള്ളി സത്യവാചകം ചൊല്ലിക്കൊടുത്തു. എം.എം.ഹസൻ,രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഡോ.ശൂരനാട് രാജശേഖരൻ,മൺവിള രാധാകൃഷ്ണൻ,കെ.പി.അനിൽകുമാർ,പാലോട് രവി,മണക്കാട് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.