ഷെയ്ഖ് നവാഫ് കുവൈത്തിന്റെ പുതിയ ഭരണാധികാരി

Wednesday 30 September 2020 11:35 AM IST

കുവൈത്ത്:ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബയെ കുവൈത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീർ ആയി തെരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസമാണ് കുവെെത്ത് ഭരണാധികാരിയായിരുന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബീർ(91) അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഭരണഘടനാപരമായ ചില അധികാരങ്ങൾ ഷെയ്ഖ് നവാഫിന് കൈമാറിയിരുന്നു.

ഖത്തറും അറബ് രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കപരിഹാരത്തിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു സബാഹ് അൽ അഹമ്മദ് അൽ ജാബീർ. ജി.സി.സി ഉച്ചകോടിയില്‍ ഉൾപ്പെടെ പങ്കെടുത്ത് വിഷയത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടുണ്ട്. സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിപ്പിക്കുന്നതിനും അദ്ദേഹം ഏറെ ശ്രമിച്ചിട്ടുണ്ട്.