ഐ.പി.എൽ, രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് 37 റൺസ് വിജയം
ദുബായ്:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 12ാം മത്സരത്തിൽ രാജസ്ഥാനെതിരെ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന് 37 റൺസ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 20 ഓവർ പൂർത്തിയായപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. ഇത് പിന്തുടർന്ന രാജസ്ഥാന് 20 ഓവർ പൂർത്തിയായപ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുളളു. നരേനെ ഓപ്പണിംഗ് ഇറക്കാനുള്ള കൊൽക്കത്ത മാനേജ്മെൻറിന്റെ തീരുമാനം ഒരിക്കൽ കൂടി തിരിച്ചടിക്കുന്നതാണ് ആദ്യ ഘട്ടത്തിൽ കണ്ടത്. നരേനെതിരെ കൃത്യമായി ഗൃഹപാഠം ചെയ്ത് എത്തിയ രാജസ്ഥാൻ ബൗളർമാർ വിൻഡീസ് താരത്തിന് സ്കോർ ചെയ്യാനുള്ള പഴുത് നൽകാതിരിക്കാൻ ശ്രദ്ധിച്ചു. മറുവശത്ത് മനോഹരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ശുഭ്മൻ ഗിൽ ആണ് ആദ്യ ഓവറുകളിൽ കൊൽക്കത്തയുടെ രക്ഷകനായത്.ഉനദ്കട്ടിന്റെ മൂന്നാം ഓവറിൽ നരേൻ ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്തു. എങ്കിലും തന്റെ അടുത്ത ഓവറിൽ ഉനദ്കട്ട് തന്നെ നരേനെ പുറത്താക്കി. നരേൻ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം നിതീഷ് റാണ എത്തിയതോടെ സ്കോർ ഉയരാൻ തുടങ്ങി. 46 റൺസ് നീണ്ട ഈ കൂട്ടുകെട്ട് രാഹുൽ തെവാട്ടിയ ആണ് പൊളിച്ചത്. 22 റൺസെടുത്ത നിതീഷ് റാണയെ തെവാട്ടിയ റിയാൻ പരഗിന്റെ കൈകളിൽ എത്തിച്ചു. നാലാം നമ്പറിൽ ആന്ദ്രേ റസൽ എത്തി. ഏറെ താമസിയാതെ ഗില്ലും മടങ്ങി. 34 പന്തുകളിൽ നിന്ന് 47 റൺസ് നേടിയ ഗിലിനെ ആർച്ചർ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.
ദിനേഷ് കാർത്തിക് (1) ജോഫ്ര ആർച്ചറുടെ പന്തിൽ ജോസ് ബട്‌ലർക്ക് ക്യാച്ച് സമ്മാനിച്ച് വേഗം പുറത്തായി. മൂന്ന് സിക്സറുകൾ അടിച്ച് വിസ്ഫോടനാത്മക ബാറ്റിംഗിനു തുടക്കമിട്ട റസലിനും ഏറെ ആയുസുണ്ടായില്ല. 24 റൺസെടുത്ത റസൽ രാജസ്ഥാൻ ഒരുക്കിയ കെണിയിൽ വീണു. റസലിനെ അങ്കിത് രാജ്പൂതിന്റെ പന്തിൽ ഉനദ്കട്ട് പിടികൂടുകയായിരുന്നു. അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയ ഓയിൻ മോർഗൻ ആണ് കൊൽക്കത്തയെ മികച്ച സ്കോറിൽ എത്തിച്ചത്. മോർഗൻ (34), കമലേഷ് നഗർകൊടി (8) എന്നിവർ പുറത്താവാതെ നിന്നു. ടോസ് നേടിയ രാജസ്ഥാൻ കൊൽക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലേറ്റുമുട്ടുന്നത്.