ലൈഫ് മിഷൻ തട്ടിപ്പ്; തിരക്കിട്ട് വിജിലൻസിന്റെ എഫ് ഐ ആർ, സി ബി ഐ അന്വേഷണം അട്ടിമറിക്കാനെന്ന് ആക്ഷേപം

Thursday 01 October 2020 7:03 AM IST

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പിൽ വിജിലൻസ് തിടുക്കത്തിൽ എഫ്.ഐ.ആർ സമർപ്പിച്ചത് സി.ബി.ഐ അന്വേഷണത്തെ പ്രതിസന്ധിയിലാക്കാനാണെന്ന് സൂചന. സി.ബി.ഐ അന്വേഷണത്തെ എതിർത്തുളള സംസ്ഥാന സർക്കാർ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോൾ വിജിലൻസ് അന്വേഷണം സർക്കാർ കോടതിയെ ധരിപ്പിക്കും. സി.ബി.ഐക്ക് വിജിലൻസ് ഫയൽ കൈമാറാതിരുന്നാൽ പെരിയയ്ക്ക് പിന്നാലെ സി.ബി.ഐയും സർക്കാരും തമ്മിലുളള നിയമയുദ്ധത്തിന് വീണ്ടും കളമൊരുങ്ങും.

കേസുമായി ബന്ധപ്പെട്ട് അടുത്തമാസം അഞ്ചിന് ഫയലുകളുമായി ഹാജരാകണമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ യു.വിജോസിന് സി.ബി.ഐ നോട്ടിസ് നൽകിയതിന് പിന്നാലെയാണ് വിജിലൻസ് തിരക്കിട്ട് എഫ്.ഐ.ആർ സമർപ്പിച്ചത്. വിജിലൻസ് കേസ് എടുത്ത് അന്വേഷണം നടത്തിയില്ലെങ്കിൽ ലൈഫ് മിഷൻ പദ്ധതിയിലെ ഫയലുകൾ എല്ലാം സി.ബി.ഐക്ക് കൈമാറേണ്ടി വരുമെന്നുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് കേസ് എടുക്കാൻ അനുമതി നൽകിയതും വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചതും.

പ്രാഥമിക അന്വേഷണ ഘട്ടത്തിൽ തന്നെ വിജിലൻസ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ സെക്രട്ടറിയേറ്റിൽ നിന്നു കൊണ്ടുപോയിരുന്നു.

പദ്ധതിയിൽ അഴിമതി നടന്നുവെന്ന സംശയം എഫ്.ഐ.ആറിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളാരെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോൾ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യം കോടതിയെ അറിയിക്കും. വിദേശ ഏജൻസിയായ റെഡ് ക്രസന്റും നിർമ്മാണ കമ്പനിയായ യൂണിടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ബാധകമല്ലെന്നാണ് സർക്കാർ വാദം.

പ്രാഥമിക അന്വേഷണം പോലും നടത്താതെ തിടുക്കപ്പെട്ട് എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തതിൽ സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും സർക്കാർ ആരോപിക്കുന്നു. സി.ബി.ഐയുടെ നടപടി നിയമവിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് സർക്കാർ നിഗമനം.