ആവശ്യത്തിന് ജീവനക്കാരില്ല, തിരുവനന്തപുരം മെഡിക്കൽ കോളേജ് 'അത്യാസന്ന നിലയിൽ'

Thursday 01 October 2020 10:57 AM IST

തിരുവന്തപുരം:തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആവശ്യത്തിന് ജീവനക്കാരില്ലാതെ തിരുവനന്തപുരം മെഡിക്കൽകോളേജ് വീർപ്പുമുട്ടുന്നു എന്ന് റിപ്പോർട്ട്. ജീവനക്കാരുടെ കുറവ് കൊവിഡ് ചികിത്സയെ ഉൾപ്പടെ ബാധിക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ നഴ്സുമാരടക്കം 1700ൽ അധികം ജീവനക്കാറുടെ കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊവിഡ് വാർഡുകളിലും ജീവനക്കാരുടെ ക്ഷാമം ഏറെ രൂക്ഷമാണ്. 350ൽ അധികം നഴ്സുമാരുടെ കുറവാണ് ഇവിടെയുളളത്. അന്റന്റർമാരുരും ആവശ്യത്തിനല്ല. 284 പേർ വേണ്ടിടത്ത് വെറും 103 പേർ മാത്രമേ ഉളളൂ എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അടുത്തിടെ ഏറെ വിവാദമായ രോഗിയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർഡിൽ ആവശ്യമായ നഴ്സുമാരുടെ പകുതി മാത്രമേ ഉളളൂ.

മെഡിക്കൽകോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. കൊവിഡ് വാർഡിൽ രോഗികളിൽ ചിലർ ആത്മഹത്യചെയ്തതതും ചിലർ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയതുമൊക്കെ ഇതിന് തെളിവായി ചൂണ്ടിക്കാണിച്ചിരുന്നു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നാണ് അന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. പക്ഷേ, ഒന്നുമുണ്ടായില്ല. തലസ്ഥാനത്ത് മാത്രം കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്ന ഈ സമയത്തെങ്കിലും അധികൃതർ ഉണർന്ന് പ്രവർത്തിക്കണം എന്നാണ് സാധാരണക്കാർ ആവശ്യപ്പെടുന്നത്.