ലെെഫ് :അഴിമതി നടന്നതായി വിജിലൻസ് എഫ്.ഐ.ആർ

Friday 02 October 2020 12:00 AM IST

തിരുവനന്തപുരം: ലെെഫ് ഭവന പദ്ധതിയിൽ ഒരു സ്വകാര്യ വ്യക്തിയും, ലെെഫ് മിഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ചേർന്ന് അഴിമതി നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വിജിലൻസ് .

ലെെഫ് മിഷനുമായി ബന്ധപ്പെട്ട കരാറുമടക്കമുളള വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു.

പദ്ധതിയിൽ കോഴ കെെപ്പറ്റിയ ലൈഫിലെ ഉദ്യോഗസ്ഥനും, സ്വകാര്യ വ്യക്തിക്കുമെതിരെ

കേസ് രജിസ്റ്റർ ചെയ്യും.രണ്ട് സ്വകാര്യ കമ്പനികളുമായി ചേർന്നാണ് ഇവർ അഴിമതി നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, സ്വകാര്യ നിർമ്മാണ കമ്പനികളായ യൂണിടാക്കിന്റെയോ,സാൻവെഞ്ചേഴ്സിന്റെയോ ഉടമകളെ പ്രതിയാക്കിയിട്ടില്ല. കമ്പനികൾ മാത്രമാണ് പ്രതികൾ. പേരറിയാത്ത ലെെഫ് മിഷൻ പ്രതിനിധിയും സ്വകാര്യവ്യക്തിയും മൂന്നും നാലും പ്രതികളാണ്.

റെഡ്ക്രസന്റാണ് യൂണിടാക്കിനെ കണ്ടെത്തിയത്. യൂണിടാക്കും സാൻ വെഞ്ചേഴ്സും ചേർന്ന് 2019 നവംബർ 2 മുതൽ 2020 ജനുവരി 23 വരെ യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പണം കെെപ്പറ്റിയിട്ടുണ്ട്. ലെെഫ് മിഷനും റെഡ് ക്രസന്റുമായി 2019 ജൂലായ്11 നാണ് കരാറിൽ ഒപ്പ് വയ്ക്കുന്നത്. എന്നാൽ 2019 ജൂലായ് 31 ന് തന്നെ യൂണിടാക്കും സാൻ വെഞ്ചേഴ്സും യു.എ.ഇ കോൺസുലേറ്റുമായി കരാർ ഒപ്പിട്ടിരുന്നു. വീടില്ലാത്ത പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനും, സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശുപത്രി പണിയുന്നതിനുമാണ് റെഡ് ക്രസന്റ് 20 കോടി രൂപ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.