ഐ.പി.എൽ : കളി ഇതുവരെ
കൊവിഡ് കാരണം വേദിയും കാലവും മാറിയ ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ 13-ാം എഡിഷൻ യു.എ.ഇയിലെ മൂന്ന് വേദികളിലായി തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശവും വാശിയും ലവലേശം കുറയ്ക്കാൻ കൊവിഡിനും കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇതുവരെ നടന്ന 13 മത്സരങ്ങളും. മുൻ സീസണുകൾ പോലെ ആരുടെയും ഏകപക്ഷീയമായ ആധിപത്യം ഇത്തവണ കാണാനില്ല. എല്ലാ ടീമുകളും മിനിമം മൂന്ന് കളികൾ പിന്നിട്ടപ്പോൾ ഒരു കളിയെങ്കിലും ജയിക്കാത്തവരായോ ഒന്നെങ്കിലും തോൽക്കാത്തവരായോ ആരുമില്ല. അറേബ്യൻ നാട്ടിലെ ഐ.പി.എല്ലിൽ ഇതുവരെ നടന്ന മത്സരങ്ങളിലേക്കൊരു കണക്കുനോട്ടം.
പോയിന്റ് നില
( ടീം ,കളി ,ജയം,തോൽവി,പോയിന്റ് ക്രമത്തിൽ ) മുംബയ് 4-2-2-4
ഡൽഹി 3-2-0- 4
കൊൽക്കത്ത 3-2-1-4 രാജസ്ഥാൻ 3-2-1- 4
ബാംഗ്ളൂർ 3-2-1-4 പഞ്ചാബ് 4-1-3-2 ഹൈദരാബാദ് 3-1-2-1 ചെന്നൈ 3-1-2-2
ബാറ്റിംഗ് ടോപ് 5
മായാങ്ക് അഗർവാൾ -പഞ്ചാബ് - 246
കെ.എൽ രാഹുൽ- പഞ്ചാബ് - 239
ഫാഫ് ഡുപ്ളെസി- ചെന്നൈ - 173
രോഹിത് ശർമ്മ- മുംബയ് -170
സഞ്ജു സാംസൺ - രാജസ്ഥാൻ -167
ബൗളിംഗ് ടോപ് 5
മുഹമ്മദ് ഷമി- പഞ്ചാബ് -8
കാഗിസോ റബാദ - ഡൽഹി - 7
രാഹുൽ ചഹർ-മുംബയ് -6
കോട്ടെറെൽ- പഞ്ചാബ്-6
ട്രെന്റ് ബൗൾട്ട്- മുംബയ് - 6
30
ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് രാജസ്ഥാൻ റോയൽസ് താരം രാഹുൽ തെവാതിയ.പഞ്ചാബിനെതിരായ മത്സരത്തിൽ ഷെൽഡൻ കോട്ടെറെലിനെ അഞ്ച് സിക്സുകൾ പായിച്ച തെവാതിയ ഒരോവറിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള ഐ.പി.എൽ റെക്കാഡിനൊപ്പമെത്തുകയും ചെയ്തു.
24
ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയിരിക്കുന്നത് കെ.എൽ രാഹുലും മായാങ്ക് അഗർവാളുമാണ് ; 24 എണ്ണം. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയതും രാഹുലാണ് (14). 13 വീതം ഫോറുകളുമായി മലയാളി താരം ദേവ്ദത്ത് പടിക്കലും രോഹിത് ശർമ്മയും പിന്നിലുണ്ട്.
16
ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയത് സഞ്ജുവാണ്. ഒരുമത്സരത്തിലെ കൂടുതൽ സിക്സുകളുടെ എണ്ണത്തിൽ(9) സഞ്ജുവിനാെപ്പം മുംബയ്‌യുടെ ഇഷാൻ കിഷനുമുണ്ട്.
26
അർദ്ധസെഞ്ച്വറികളാണ് ഇതുവരെയുള്ള മത്സരങ്ങളിൽ പിറന്നത്. 19 പേർ അർദ്ധസെഞ്ച്വറികൾക്ക് ഉടമയായി. ഏഴുപേർ രണ്ടുവീതം അർദ്ധ സെഞ്ച്വറികൾ നേടി. ഡുപ്ളെസി, സഞ്ജു സാംസൺ,ദേവ്ദത്ത് പടിക്കൽ,രോഹിത് ശർമ്മ, ഡിവില്ലിയേഴ്സ്,സ്റ്റീവ് സ്മിത്ത്,ബെയർസ്റ്റോ എന്നിവരാണ് രണ്ട് അർദ്ധസെഞ്ച്വറികൾ വീതം നേടിയത്.
2
പേരാണ് ഇതിനകം സെഞ്ച്വറി നേടിയത്.രണ്ടുപേരും പഞ്ചാബിന്റെ താരങ്ങൾ; കെ.എൽ രാഹുലും മായാങ്ക് അഗർവാളും. ഇഷാൻ കിഷന് ഒറ്റ റണ്ണിനാണ് സെഞ്ച്വറി നഷ്ടമായത്.
132*
ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കെ.എൽ രാഹുലിന്റേത്.ബാംഗ്ളൂരിനെതിരെ 69 പന്തുകളിലാണ് രാഹുൽ 132 റൺസടിച്ചത്.
19
ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറി സഞ്ജുവിന്റേത്. ചെന്നൈയ്ക്കെതിരെ സഞ്ജു 19 പന്തുകളിൽ നിന്നാണ് 50ലെത്തിയത്. പൊള്ളാഡും സ്റ്റോയ്നിസും 20 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചു.
201.20
സ്ട്രൈക്ക് റേറ്റിൽ ഏറ്റവും മുന്നിലുള്ള ബാറ്റ്സ്മാൻ സഞ്ജു തന്നെ. രണ്ടാം സ്ഥാനത്ത് ഡിവില്ലിയേഴ്സ് (186.11)
105
മീറ്റർ പറത്തിയ രാജസ്ഥാന്റെ ജൊഫ്ര ആർച്ചറാണ് ഏറ്റവും വലിയ സിക്സിന് ഉടമ.100 കടത്തിയവർ മറ്റാരുമില്ല. ശ്രേയസ് അയ്യർ 99 മീറ്റർ പായിച്ചു.
2
മെയ്ഡൻ ഒാവറുകൾ മാത്രമാണ് ഇതുവരെ കണ്ടത്. മുംബയ്‌യുടെ ട്രെന്റ് ബൗൾട്ടും കൊൽക്കത്തയുടെ ശിവം മാവിയുമാണ് ഇതിന് ഉടമകൾ.
36
ഇതുവരെ ഏറ്റവും കൂടുതൽ പന്തുകൾ റൺസെടുക്കാതെ എറിഞ്ഞത് ആർച്ചറാണ്. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഡോട്ട്ബാളുകൾ എറിഞ്ഞത് ഷമിയും(15)
4.57
മികച്ച ഇക്കോണമി റേറ്റ് വാഷിംഗ്ടൺ സുന്ദറിന്റേത്. ഒരു മത്സരത്തിലെ മികച്ച ഇക്കോണമി റേറ്റും (3-മുംബയ്ക്ക് എതിരെ) സുന്ദറിന്റേത് തന്നെ.
4-0-14- 3
മികച്ച ബൗളിംഗ് പ്രകടനം ഡൽഹിക്കെതിരെ ഹൈദരാബാദ് താരം റാഷിദ് ഖാൻ നടത്തിയത്.
സൂപ്പർ സ്റ്റാർ
ഈ ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിലെ സൂപ്പർ സ്റ്റാർ സഞ്ജു സാംസൺ തന്നെ.ആദ്യ രണ്ട് മത്സരങ്ങളിൽ 25കാരനായ മലയാളി താരം നടത്തിയ വെടിക്കെട്ട് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ബാറ്റ്സ്മാനാക്കി മാറ്റി. സച്ചിനും വാണും ഗംഭീറും സുനിൽ ഗവാസ്കറുമൊക്കെ മത്സരിച്ചാണ് സഞ്ജുവിനെ പുകഴ്ത്തിയത്. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഒൻപത് സിക്സുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 74 റൺസിലെത്താൻ വേണ്ടിവന്നത് 32 പന്തുകൾ മാത്രം. പഞ്ചാബിനെതിരെ 42 പന്തുകളിൽ നാലുഫോറും ഏഴ് സിക്സുമടക്കം 85 റൺസ്. കൊൽക്കത്തയ്ക്ക് എതിരെ (8) മാത്രമാണ് തിളങ്ങാൻ കഴിയാതിരുന്നത്. ആ കളിയിൽ മാത്രമാണ് രാജസ്ഥാൻ തോറ്റത്.
യംഗ് സ്റ്റാർസ്
ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ശ്രദ്ധ പടിച്ചുപറ്റിയ പ്രതിഭകൾ പലരാണ്. പഞ്ചാബിനെതിരെ ഒരോവറിൽ അഞ്ചു സിക്സടിച്ച് വിജയം പിടിച്ചെടുത്ത രാജസ്ഥാന്റെ രാഹുൽ തെവാത്തിയ,രാജസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച കൊൽക്കത്തയുടെ പേസർമാരായ ശിവം മാവി, കമലേഷ് നാഗർകോട്ടി തുടങ്ങിയവരൊക്കെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു.
ബെസ്റ്റ് ഫീൽഡിംഗ്
കൊൽക്കത്തയുടെ പാറ്റ് കമ്മിൻസിനെ പുറത്താക്കാൻ പിന്നോട്ടോടി സഞ്ജുവെടുത്ത ക്യാച്ചും ബൗണ്ടറി ലൈനിന് മുകളിലൂടെ പറന്ന് സിക്സർ തടഞ്ഞ നിക്കോളാസ് പുരാനും കാഴ്ചവച്ചത് അതുല്ല്യഫീൽഡിംഗ് നിമിഷങ്ങളാണ്.
തോറ്റ് തൊപ്പിയിട്ട ഉത്തപ്പ
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ കളിക്കാരൻ എന്ന റെക്കാഡ് വിരാട് കൊഹ്‌ലിയിൽ നിന്ന് റോബിൻ ഉത്തപ്പ സ്വന്തമാക്കി. കൊൽക്കത്തയ്ക്കെതിരായ തോൽവി അഞ്ചു ടീമുകൾക്കായി ഐ.പി.എൽ കളിച്ചിട്ടുള്ള ഉത്തപ്പയുടെ 91-ാമത്തേതായിരുന്നു. ഈ സീസണിൽ മൂന്ന് കോടിക്കാണ് രാജസ്ഥാൻ ഉത്തപ്പയെ വാങ്ങിയത്. കൊൽക്കത്ത ക്യാപ്ടൻ ദിനേഷ് കാർത്തിക്(87), മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മ (85) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.