ആഞ്ഞടിച്ചും മുല്ലപ്പള്ളിയെ പ്രശംസിച്ചും കെ. മുരളീധരൻ
തിരുവനന്തപുരം: കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷസ്ഥാനം രാജിവച്ച് കോൺഗ്രസിൽ വിവാദത്തിന് തിരികൊളുത്തിയ കെ. മുരളീധരൻ എം.പി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രകീർത്തിച്ചതിനൊപ്പം പുന:സംഘടനാവിഷയത്തിലെ അതൃപ്തി ആവർത്തിച്ച് ആഞ്ഞടിക്കുകയും ചെയ്‌തു. മുരളിയുടെ രാജി മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എം.പിമാർ നിഴൽയുദ്ധം നിറുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
മുഖ്യമന്ത്രിയാകാൻ മുല്ലപ്പള്ളി യോഗ്യനാണ്. നിരവധി തവണ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന അദ്ദേഹം നല്ല ക്യാപ്റ്റനുമാണ്. എന്നുവച്ച് മറ്റുള്ളവർക്ക് യോഗ്യത ഇല്ലെന്നല്ല - മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷനേതാവുമായി സംസാരിച്ചിട്ട് കുറേ നാളായി. അദ്ദേഹത്തിന് തന്നെ വിളിക്കണമെന്ന് തോന്നിക്കാണില്ല. അതുകൊണ്ട് വിളിച്ചില്ല. ഉമ്മൻ ചാണ്ടിയെ നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷിക വേളയിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. മുല്ലപ്പള്ളിയുമായി നല്ല വ്യക്തിബന്ധമാണ്. ആവശ്യമുണ്ടെങ്കിൽ അങ്ങോട്ട് പോയി കാണും. മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന വ്യക്തിയുമായി തനിക്കൊരു കടപ്പാടുമുണ്ട്. കെ. കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് അഞ്ച് രൂപ മെമ്പർഷിപ്പിനായി താൻ ക്യൂ നിന്നപ്പോൾ പലരും തന്റെ നേർക്ക് വാതിലടച്ചു. കെ. കരുണാകരൻ മാനസികസംഘർഷം അനുഭവിച്ചപ്പോൾ തന്നെ കോൺഗ്രസിൽ എടുക്കണമെന്ന ശക്തമായ നിലപാടെടുത്തയാളാണ് മുല്ലപ്പള്ളി. പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളോട് വിയോജിപ്പുണ്ടാവും. ഞങ്ങളുടെ വ്യക്തിബന്ധം മുന്നോട്ട് പോകും. കെ. കരുണാകരന്റെ സഹായത്താൽ വന്നവർ അദ്ദേഹത്തോട് നന്ദികേട് കാണിച്ചത് പോലെ കെ. മുരളീധരൻ ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ല.
കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷസ്ഥാനത്ത് നിന്നുള്ള തന്റെ രാജിയിൽ മാറ്റമില്ല. താൻ സ്ഥിരം പരാതിക്കാരനും ശല്യക്കാരനുമാവില്ല. പുന:സംഘടനയെ പറ്റി തന്നോടാരും ആലോചിച്ചിട്ടില്ല. ആലോചിക്കാൻ മാത്രം പ്രാധാന്യം ഇല്ലാത്തയാളാണ് താനെങ്കിൽ പരാതിയില്ല. ഇനി പരാതി പറയില്ല. ആ അദ്ധ്യായം അടച്ചു. എല്ലാത്തിന്റെയും അവസാനം പാപഭാരം തന്റെ തലയിലിടാൻ നോക്കേണ്ട. സമരം നിറുത്തുന്നത് തീരുമാനിക്കാൻ രാഷ്ട്രീയകാര്യസമിതിയിലെ പത്തൊമ്പത് പേരെ ഫോണിൽ വിളിക്കാൻ കുഴപ്പമില്ലല്ലോ. രാഷ്ട്രീയകാര്യസമിതി സ്ഥാപിച്ചപ്പോൾ തീരുമാനിച്ചിരുന്നത് അവെയ്‌ലബിൾ അംഗങ്ങളെ വിളിച്ച് തീരുമാനമെടുക്കാനാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എം.പിസ്ഥാനം ജനങ്ങൾ തന്നതാണ്. അതെടുത്ത് അമ്മാനമാടാനുള്ളതല്ല. ജനങ്ങൾ വോട്ട് ചെയ്ത് ഒരാളെ വിജയിപ്പിക്കുന്നതിൽ ആ വ്യക്തിയിലുള്ള വിശ്വാസവും പ്രധാനമാണ്. എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് ദേശീയനേതൃത്വവും വോട്ട് ചെയ്യണോയെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടത്. എല്ലാ പ്രതികൂലസാഹചര്യങ്ങളെയും കണ്ട് സ്ഥാനാർത്ഥിനിർണ്ണയം നടത്തിയാൽ നല്ല ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കുമെന്നും 2001 ആവർത്തിക്കുമെന്നും മുരളീധരൻ പറഞ്ഞു.