വീണാ ജോർജ്ജ് എം.എൽ.എയ്ക്ക് പുരസ്‌കാരം

Saturday 19 January 2019 11:43 PM IST

പൂനെ: യൂത്ത് പാർലമെന്റിൽ ആറന്മുള എം.എൽ.എ വീണാ ജോർജ്ജിന് പുരസ്‌കാരം. ആദർശ് യുവ സാമാജിക് പുരസ്‌കാരത്തിനാണ് വീണാ ജോർജ്ജ് അർഹയായത്. ഹിമാചൽപ്രദേശ് നിയമസഭാ സ്പീക്കർ ഡോ. രാജീവ് ബിൻഡാലാണ് പുരസ്‌കാരം സമ്മാനിച്ചത്.കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌പോർട്സ് യുവജന ക്ഷേമ വകുപ്പിന്റെയും യുനെസ്‌കോയുടെയും സഹായത്തോടെ പൂനെയിൽ നടക്കുന്ന യുവജനങ്ങളുടെ പാർലമെന്റിൽ ആണ് പുരസ്‌കാരം നൽകിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം യുവജനങ്ങൾ പാർലമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.എൽ.എ മാർക്ക് പാർലമെന്റിൽ പുരസ്‌കാരം സമ്മാനിച്ചു. കേരള നിയമസഭയിൽ നിന്ന് വീണാ ജോർജ്ജ് എം.എൽ.എ അർഹയായി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി നഗ്മാ മൊറാർജി എന്നിവർ പങ്കെടുത്തു.