എ.ടി.എം കവർച്ച: ഇടനിലക്കാരനും അഭിഭാഷകരും കോടതിയിൽ ഏറ്റുമുട്ടി
തിരുവനന്തപുരം: എ.ടി.എം കവർച്ച കേസിൽ പിടിയിലായ റുമേനിയക്കാർക്ക് ജാമ്യമെടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് ഇടനിലക്കാരനും അഭിഭാഷകരും വഞ്ചിയൂർ എ.സി.ജെ.എം കോടതി വളപ്പിൽ ഏറ്റുമുട്ടി. മർദ്ദനമേറ്റ ഇടനിലക്കാരൻ മണക്കാട് സ്വദേശി അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്‌ക്ക് പ്രതികളായ ഐലി ഗബ്രിയേൽ മറിനോ, ഐണറ്റ് അലക്‌സാണ്ടറോ മറീനോ എന്നിവരുടെ ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പായിരുന്നു സംഭവം. വെള്ളയമ്പലത്തെ എസ്.ബി.ഐ എ.ടി.എമ്മിൽ കാമറ ഘടിപ്പിച്ച ശേഷം ഇടപാടുകാരുടെ വിവരങ്ങൾ ശേഖരിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണിവർ.
കോടതി കേന്ദ്രീകരിച്ച് പലർക്കും ജാമ്യമെടുക്കുന്നയാളാണ് അഭിജിത്ത്. ഇന്നലെ കേസിന് ഹാജരാകാനായി കോടതിലെത്തിയ ഇയാൾ പ്രതികളെ സമീപിച്ച് 15 ലക്ഷം രൂപ നൽകിയാൽ ജാമ്യമെടുത്തുനൽകാമെന്ന് അറിയിക്കുകയായിരുന്നു. വക്കീലിന്റെ പിടിപ്പുകേടാണ് ജാമ്യം ലഭിക്കാത്തതിന് തടസമെന്നും പറഞ്ഞു. ഇതു കേട്ടുനിന്ന പ്രതികളുടെ അഭിഭാഷകരും അഭിജിത്തുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ഇയാൾ വക്കീലിനെ മർദ്ദിച്ചു.
സംഭവമറിഞ്ഞ മറ്റ് വക്കീലൻമാരാണ് തുടർന്ന് അഭിജിത്തിനെ മർദ്ദിച്ചത്. തുടർന്ന് കോടതിയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ ജഡ്‌ജിയുടെ ചേംബറിലെത്തിച്ചാണ് രക്ഷിച്ചത്. പിന്നീട് ശംഖുംമുഖം എ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസെത്തി അഭിജിത്തിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അക്രമം സംബന്ധിച്ച് കേസെടുത്തതായി വഞ്ചിയൂർ എസ്.ഐ അറിയിച്ചു.