അന്തിക്കാട്ടെ കൊലപാതകത്തിൽ മന്ത്രി മൊയ്തീന്റെ പങ്ക് അന്വേഷിക്കണം : കെ. സുരേന്ദ്രൻ
തൃശൂർ: അന്തിക്കാട് മാങ്ങാട്ടുകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. സംഭവത്തിൽ മന്ത്രി എ.സി. മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരാഴ്ചക്കാലമായി മന്ത്രിയും മൊയ്തീനും സി.പി.എം നേതാക്കളും ചേർന്ന് പ്രകോപനം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തവരെക്കൂടി നിയമനത്തിന് മുന്നിൽ കൊണ്ടുവരണം. ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരായി പ്രചാരണം നടത്തി അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നു. കുന്നംകുളത്ത് സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയതിന് പിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്ന കുപ്രചരണം ജനങ്ങൾ തള്ളിയതോടെയാണ് അന്തിക്കാട്ടെ കൊലപാതകം നടത്താൻ സി.പി.എം തീരുമാനിച്ചത്.