തൃശൂരിൽ 10 ദിവസത്തിനിടെ 9 കൊല ; തിരുവില്വാമലയിൽ കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു

Tuesday 13 October 2020 3:53 AM IST

തിരുവില്വാമല: കഞ്ചാവ് കേസിലെ പ്രതി ഒറ്റപ്പാലം ചുനങ്ങാട് മുതിയിറക്കത്ത് ബഷീറിന്റെ മകൻ റഫീക്കിനെ (32) തിരുവില്വാമലയിൽ വെട്ടിക്കൊന്നു. കൂടെയുണ്ടായിരുന്ന പാലക്കാട് മേപ്പറമ്പ് സ്വദേശി പാച്ചു എന്ന ഫാസിലിനെ മാരക പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് നൂറണി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തൃശൂർ ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 9 പേരാണ് വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടത്.

തിരുവില്വാമല ടൗണിലെ മീൻകടയിലെ ജോലിക്കാരാണ് ഇരുവരും. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കഞ്ചാവ് കേസിൽ റഫീക്കിനെ അന്വേഷിച്ച് പാലക്കാട് നാർകോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥർ ഇവർ താമസിക്കുന്ന വാടക വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പഴയന്നൂർ പൊലീസെത്തി തിരുവില്വാമല സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും റഫീക്ക് മരിച്ചിരുന്നു.

പട്ടിപ്പറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഒരു ടെമ്പോയിൽ ഏതാനും പേർ എത്തിയിരുന്നതായും സംഘർഷമുണ്ടായതായും സമീപവാസികൾ പറഞ്ഞു.

റഫീക്കിന് കഴുത്തിലും തലയിലും മാരകമായ പരിക്കേറ്റിരുന്നു. വീടിന്റെ മുൻവശത്തും അകത്തെ ചുമരിലും രക്തം വീണ പാടുണ്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച പഴയന്നൂർ എളനാട്ടിൽ പരോളിലിറങ്ങിയ പീഡനക്കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി ടി.എസ്. സിനോജ് അടക്കമുള്ള ഉദ്യോഗസ്ഥരും ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.