'അന്നാ ശൂന്യതയുടെ വ്യാപ്തി അറിയില്ലായിരുന്നു,കാലം അതിന്റെ ആഴം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല'; നഷ്ടമായ വാപ്പച്ചിയെക്കുറിച്ച് മകളുടെ ഹൃദയ സ്പർശിയായ കുറിപ്പ്
അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും മനോരഹരമായ കാലഘട്ടം. മാതാപിതാക്കളിൽ ആരെങ്കിലും നഷ്ടമായാൽ ആ വിടവ് എന്നും ഒരു നോവായി മനസിൽ ഉണ്ടാകും. അത്തരത്തിൽ നഷ്ടമായ തന്റെ പിതാവിനെക്കുറിച്ച് ആമിന നജ്മ എന്ന മകൾ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തുകയാണ്.എത്ര പരുക്കനാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അച്ഛനെ കെട്ടിപിടിച്ച് കൊഞ്ചാനും പൊട്ടിക്കരയാനുള്ള ഒരവസരവും മക്കൾ, പ്രത്യേകിച്ച് പെണ്മക്കൾ വിട്ടുകളയരുതെന്ന് ആമിന കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എത്ര പരുക്കനാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അച്ഛനെ കെട്ടിപിടിച്ച് കൊഞ്ചാനും പൊട്ടിക്കരയാനുള്ള ഒരവസരവും മക്കൾ, പ്രത്യേകിച്ച് പെണ്മക്കൾ വിട്ടുകളയരുത്.... അതുപോലെ പെട്ടെന്നൊരു ദിവസം അച്ഛനങ്ങ് പൊയ്ക്കളഞ്ഞാൽ, എന്തുത്തരവാദിത്വമുണ്ടെങ്കിലും ആർത്തലച്ചു കരയാനും മറന്നുപോകരുത്... ശേഷം ഒരിക്കലും മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കും അനുസരിച്ച് ജീവിച്ച്, സ്വപ്നങ്ങളെ ബലികൊടുത്ത് സ്വയം ഇല്ലാതാകരുത്... അല്ലേൽ ഇതെല്ലാം ജീവിതാവസാനം വരെ നമ്മളെ ഉലച്ചുകൊണ്ടേയിരിക്കും... ചുറ്റും പേരിന് ആരൊക്കെയുണ്ടെങ്കിലും അരക്ഷിതാവസ്ഥ മുറുക്കിവരിക്കും.... പിന്നീട് ആരുമില്ലെന്നോർത്ത് പിടയ്ക്കുന്ന രാത്രികളിൽ അരക്ഷിതത്വം തണുപ്പായി അരിച്ചിറങ്ങി ഒടുവിലൊരു വിറയാലായി പടർന്ന് ആത്മാവിലലിയും.... ഇന്നലെ ഒക്ടോബർ 12, പത്തുവർഷം മുൻപ് ഇതേ ദിവസമാണ് എന്റെ വാപ്പിച്ച പെട്ടെന്നങ്ങ് പൊയ്ക്കളഞ്ഞത്... അന്നാ ശൂന്യതയുടെ വ്യാപ്തി അറിയില്ലായിരുന്നു... കാലം അതിന്റെ ആഴം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല... എനിക്ക്, എന്നിൽ നിന്നുള്ള ദൂരം കൂടിക്കൊണ്ടേയിരിക്കുന്നു, തിരിച്ചെത്താനാകാത്തവിധം