മാണി സി.കാപ്പനുമായി ചർച്ച: ഹസ്സന്റെ പ്രതികരണത്തിൽ അതൃപ്തി
Thursday 15 October 2020 1:37 AM IST
തിരുവനന്തപുരം: പാലാ സീറ്റിന്റെ പേരിൽ ഇടതുമുന്നണിയിൽ അതൃപ്തിയുമായി നിൽക്കുന്ന മാണി സി. കാപ്പൻ എം.എൽ.എയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചർച്ച നടത്തിയെന്ന യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസിനകത്ത് അതൃപ്തി.
ഹസ്സന്റെ പ്രതികരണം മുന്നണിക്കും കോൺഗ്രസിനും ക്ഷീണമായെന്ന വിലയിരുത്തലാണ് പല നേതാക്കളും പ്രകടിപ്പിക്കുന്നത്. ഹസ്സന്റെ പ്രതികരണത്തിന് പിന്നാലെ മാണി സി.കാപ്പനും എൻ.സി.പി പ്രസിഡന്റ് ടി.പി. പീതാംബരനും അക്കാര്യം നിഷേധിച്ചിരുന്നു. രമേശ് ചെന്നിത്തലയും വാർത്ത നിഷേധിച്ചു. കാപ്പൻ വരാനാഗ്രഹിച്ചാലും ഇനിയദ്ദേഹത്തെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് തടയിടാനേ കൺവീനറുടെ നീക്കങ്ങൾ വഴിയൊരുക്കൂവെന്നാണ് കോൺഗ്രസിനകത്തെ സംസാരം.