സ്വപ്നയുടെ വ്യാജ ബിരുദം; ശിവശങ്കറിലേക്ക് അന്വേഷണമില്ല

Friday 16 October 2020 12:00 AM IST

തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജ ബിരുദവുമായി സ്‌പേസ് പാർക്കിൽ ജോലി നേടിയ കേസിൽ നിയമനം നൽകിയ ഐ. ടി ഇൻഫാസ്ട്രക്‌ചർ ലിമിറ്റഡ് എം.ഡി ജയശങ്കർ പ്രസാദിനെതിരെയും ശുപാർശ ചെയ്ത ശിവശങ്കറിനെതിരെയും പൊലീസ് അന്വേഷണം നടത്തുന്നില്ല.

കൺസൾട്ടൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും റിക്രൂട്ട്‌മെന്റ് നടത്തിയ വിഷൻടെക്കും പ്രതിസ്ഥാനത്തുണ്ട്. സ്വപ്നയെ ഇന്റർവ്യൂ ചെയ്‌ത ജയശങ്കർ പ്രസാദിന്റെ റിപ്പോർട്ടിംഗ് ഓഫീസർ അന്നത്തെ ഐടി സെക്രട്ടറി എം. ശിവശങ്കർ ആയിരുന്നു.

ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ സ്വപ്നയ്‌ക്ക് കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. ജയശങ്കർ പ്രസാദാണ് സ്വപ്നയുടെ വ്യാജ ബിരുദ കേസിലെ പരാതിക്കാരൻ. വാദി തന്നെ പ്രതിയാകുന്ന സാഹചര്യമാണ്. ജയശങ്കർ പ്രസാദിലേക്കും ശിവശങ്കറിലേക്കും നീങ്ങാതെ സ്വപ്നക്കെതിരെ വ്യാജ രേഖ ചമയ്ക്കൽ മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.

ഇരുപത് ലക്ഷം രൂപയാണ് സ്വപ്നയുടെ സേവനത്തിന് ഐ ടി. ഐ. എൽ കൺസൾട്ടൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് നൽകിയത്. ഈ കേസിൽ വിജിലൻസ് അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ ശുപാർശ ചെയ്‌തെങ്കിലും പൊലീസ് മേധാവി തീരുമാനമെടുത്തിട്ടില്ല.