ജയിലിലെ നിയന്ത്രണങ്ങളിൽ സ്വപ്നയ്ക്ക് മനപ്രയാസം

Friday 16 October 2020 12:00 AM IST

തിരുവനന്തപുരം: വിയ്യൂർ വനിതാ ജയിലിലെ കടുത്ത നിയന്ത്രണങ്ങൾ തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നും, അത്തരം നിയന്ത്രണങ്ങൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെങ്കിലും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന് പരാതി നൽകി. വിയ്യൂരിൽ മറ്റുള്ളവരോട് സംസാരിക്കാനും ഇടപെടാനും അനുവദിക്കാത്ത നിയന്ത്രണമായിരുന്നുവെന്നാണ് പരാതി.. ഇതേത്തുടർന്ന് ദക്ഷിണമേഖലാ ഡിഐജി ഇന്നലെ അട്ടക്കുളങ്ങര ജയിലിലെ സാഹചര്യങ്ങൾ പരിശോധിച്ചു.

കൊഫെപോസ ചുമത്തിയതിനെത്തുടർന്ന് കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് സ്വപ്നയെയും കൂട്ടുപ്രതി സന്ദീപിനെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്. സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. റിമാൻഡ് പ്രതിയായ സ്വപ്നയെ അട്ടക്കുളങ്ങരയിൽ ഒരു സെല്ലിൽ തനിച്ചാണ് പാർപ്പിക്കുക. കൊവിഡ് വ്യാപനം കാരണം 750പേരെ പാർപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങരയിൽ നിലവിൽ 27 തടവുകാരേയുള്ളൂ. ഭൂരിഭാഗം തടവുകാർക്കും ജാമ്യവും പരോളും നൽകി. പ്രത്യേക സൗകര്യങ്ങളൊന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടില്ല. താത്പര്യമുണ്ടെങ്കിൽ ജയിൽ ജോലികൾക്ക് നിയോഗിക്കും.

യു.എ.പി.എ ചുമത്തപ്പെട്ട പ്രതിയായതിനാൽ കർശന സുരക്ഷയാണ് സ്വപ്നയ്ക്ക് ജയിലിൽ. 24 മണിക്കൂറും നിരീക്ഷണമുണ്ടാവും. ജയിലിന് പുറത്ത് പുരുഷ പൊലീസിന്റെ സുരക്ഷയുമുണ്ട്. കരുതൽ തടങ്കലിലാണെങ്കിലും കൊഫെപോസ ബോർഡിന് അപ്പീൽ നൽകാം. സ്വപ്നയ്ക്ക് കർശന സുരക്ഷയൊരുക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു വിയ്യൂരിലെ കടുത്ത നിയന്ത്രണങ്ങൾ .