പുന്നപ്ര -വയലാറിന്റെ തീക്ഷ്ണത അറിഞ്ഞ് ഗൗരിയമ്മ

Friday 16 October 2020 2:19 AM IST

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് കെ.ആർ. ഗൗരിയമ്മ മാത്രം.

പുന്നപ്ര- വയലാർ സമരം നടക്കുമ്പോൾ ഗൗരിയമ്മ രാഷ്ട്രീയത്തിൽ എത്തിയിട്ടില്ല. ഗൗരിയമ്മയുടെ മൂത്ത സഹോദരൻ സുകുമാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. മുൻ നിര നേതാക്കൾക്കൊപ്പം പാർട്ടി പ്രചാരണ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്നത് സാധാരണമല്ലാതിരുന്ന അക്കാലത്ത് ഗൗരിയമ്മ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് എത്താൻ പ്രേരണയായതും സഹോദരനാണ്.

തൊഴിലാളി സമരങ്ങളിലൂടെയും കർഷക മുന്നേറ്റങ്ങളിലൂടെയുമാണ് ഗൗരിയമ്മ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഉറയ്ക്കുന്നത്.1948-ൽ കൽക്കട്ടാ തിസീസിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പട്ടപ്പോൾ ഗൗരയമ്മയും ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് പലതവണ കാരാഗൃഹവാസം. തിരു- കൊച്ചി അസംബ്ളിയിലേക്ക് 1952 ലും 54 ലും തിരഞ്ഞെടുക്കപ്പെട്ടു. 1957-ൽ കേരളത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നപ്പോൾ ഗൗരിയമ്മയും അതിൽ അംഗമായി. റവന്യൂ, എക്സൈസ് , ദേവസ്വം വകുപ്പുകളുടെ ചുമതല. ഗൗരിയമ്മ മുൻകൈയെടുത്താണ് ചരിത്രപ്രാധാന്യമുള്ള ഭൂപരിഷ്കരണ ബിൽ കൊണ്ടുവരുന്നത്. 67 ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും ഗൗരിയമ്മ ഉൾപ്പെട്ടു. റവന്യൂ വകുപ്പിനു പുറമെ സാമൂഹ്യ ക്ഷേമം, സിവിൽ സപ്ളൈസ്, നികുതി വകുപ്പുകളും കൈകാര്യം ചെയ്തു.