ശിവശങ്കറിനെ ആശുപത്രിയിൽ എത്തിച്ചത് കസ്റ്റംസിന്റെ വാഹനത്തിൽ: ദേഹാസ്വാസ്ഥ്യം ഉണ്ടായത് കസ്റ്റംസ് സംഘം വീട്ടിൽ എത്തിയതിന് തൊട്ടുപിന്നാലെ

Friday 16 October 2020 8:23 PM IST


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തിരുവനന്തപുരം കരമന പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കസ്റ്റംസിന്റെ വാഹനത്തിലെന്ന് വിവരം. കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഇതുമൂലം ശിവശങ്കർ കസ്റ്റംസിന്റെ കസ്റ്റഡിയിലാണെന്ന് അഭ്യൂഹമുണ്ട്.

ഇദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതായും അതിനായി ആശുപത്രി അധികൃതരുമായി അവർ ചർച്ചകൾ നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. കസ്റ്റംസ് അസി. കമ്മീഷണർ രാമ മൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലുള്ളത്. നിലവിൽ പി.ആർ.എസിലെ കാർഡിയാക്ക് ഐ.സി.യുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്തസമ്മർദം കൂടിയതാണ് ഇ.സി.ജിയിൽ നേരിയ വ്യത്യാസമുള്ളതായും വിവരമുണ്ട്.

ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയാണ് കരമന പി.ആർ.എസ് ഹോസ്‌പ്പിറ്റൽ. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ കസ്റ്റംസ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തനിക്ക് അസുഖമായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നാണ് ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയിൽ ഇന്ന് വൈകിട്ട് 5.30 മണിക്കാണ് കസ്റ്റംസ് എത്തിയത്. നോട്ടീസ് നൽകി ഇന്ന് രാത്രി തന്നെ ചോദ്യംചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം.