നൂറ് ദിവസത്തിനകം അമ്പതിനായിരം തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് കാണുന്നുണ്ടോ? നിപ്പക്കാലത്ത് രക്ഷകനായ മിടുക്കൻ വേദനയോടെ കേരളം വിടുന്നു

Saturday 17 October 2020 12:05 PM IST

കൊല്ലം: നിപ്പക്കാലത്ത് വവ്വാലുകളെ കണ്ട് ജനം ഭയന്നപ്പോൾ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ കിണറ്റിലിറങ്ങി വവ്വാലിനെ പിടിച്ച് സർക്കാരിനെ സഹായിച്ച സാഹസികനായ ഗവേഷകൻ റാങ്കു ലിസ്റ്റിൽ ഒന്നാമനായിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് നാടുവിടുന്നു. കാർഷിക സർവകലാശാലയുടെ വൈൽഡ് ലൈഫ് അദ്ധ്യാപക ലിസ്റ്റിൽ ഒന്നാം റാങ്കു നേടിയ മൺറോത്തുരുത്ത് കൃഷ്ണവിലാസത്തിൽ രമണന്റെയും ശ്രീകലയുടെയും മകൻ ശ്രീഹരി രാമനാണ് നാട്ടിലേക്കിനി തിരിച്ചില്ലെന്നുറപ്പിച്ച് ചൈനയിൽ പോകാനൊരുങ്ങുന്നത്. അവിടെ ഗവേഷണം പൂർത്തിയാക്കി ജോലി നേടാനാണ് തീരുമാനം.

2016ലാണ് വൈൽഡ് ലൈഫ് അദ്ധ്യാപക തസ്തികയിലേക്ക് കാർഷിക സർവകലാശാല അപേക്ഷ ക്ഷണിച്ചത്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് 2019 ഫെബ്രുവരിയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വരുന്ന ഫെബ്രുവരിയിൽ കാലാവധി അവസാനിക്കും. പി.എസ്.സിയിലും കാർഷിക സർവകലാശാലയിലും പലവട്ടം കയറിയിറങ്ങി. നൂറ് ദിവസത്തിനകം 50,000 പേർക്ക് നിയമനം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കേട്ട് മന്ത്രിമാരെ അടക്കം കണ്ടു. പക്ഷേ ജോലി ഉറപ്പു മാത്രം കിട്ടിയില്ല.

സാമ്പത്തിക പ്രതിസന്ധിയെന്നാണ് സർവകലാശാല പറയുന്നത്. എന്നാൽ ഇതേ തസ്തികയിൽ വൻതുക ശമ്പളം നൽകി കരാറുകാരെ വച്ചാണ് ഇപ്പോൾ പഠിപ്പിക്കൽ. കാർഷിക സർവകലാശാലയിലെ മറ്റ് നാല് അദ്ധ്യാപക റാങ്ക് ലിസ്റ്റുകളിലും നിയമനം നടന്നിട്ടില്ല. അവിടെയും കരാറുകാർ തന്നെ.

'കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ' എന്ന വിഷയത്തിൽ ചൈനീസ് അക്കാ‌ഡമി ഒാഫ് സയൻസിലാണ് ഗവേഷണം. ഗവേഷണം നടത്തുന്നതിനിടയിലാണ് നാട്ടിൽ വന്ന് ടെസ്റ്റെഴുതിയത്. ഒന്നാം റാങ്ക് കിട്ടിയതോടെ ജോലി ഉറപ്പിച്ച് ഇത്രയും നാൾ ഇവിടെ തങ്ങുകയായിരുന്നു.

പേരാമ്പ്രയിലെ കിണറ്റിൽ

നിപ്പ പടർന്നപ്പോൾ വവ്വാലുകളാണ് ഉറവിടമെന്ന് ഏകദേശ ധാരണയായി. രോഗം സ്ഥിരീകരിച്ച പേരാമ്പ്ര സ്വദേശിയുടെ വീടിനടുത്തുള്ള കിണറ്റിൽ നിറയെ വവ്വാലുകളുണ്ട്. പക്ഷേ നിപ്പ പേടിയിൽ സാഹസികന്മാർ പോലും പിന്മാറി. അന്ന് ആ കിണറ്റിൽ നിന്ന് വവ്വാലുകളെ പിടികൂടി നൽകിയത് ശ്രീഹരിയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫോണിസ്ക്സ് ജാഗോരി, മയോട്ടിസ് ഫെയിറ്റോണി, റൈനലോഫസ് ഇൻഡോറൂക്സി, സലിം അലീസ് ഫ്രൂട്ട് ബാറ്റ് തുടങ്ങി ഏഴ് അപൂർവയിനം വവ്വാലുകളെ ശ്രീഹരി കണ്ടെത്തിയിട്ടുണ്ട്.

''

ജോലി തേടി വാതിലുകൾ കയറിയിറങ്ങി മടുത്തു. ഒന്നാം റാങ്ക് ലഭിച്ചിട്ടും ജോലിയില്ല. വലിയൊരു സ്വപ്നമായിരുന്നു. നടക്കില്ലെന്ന് ഉറപ്പായി. ഇനി ഇവിടെ നിൽക്കുന്നില്ല.

ശ്രീഹരി രാമൻ