കൊവിഡ് പ്രതിരോധ മികവ്: ആരോഗ്യ ടൂറിസത്തിന് കരുത്താകും

Sunday 18 October 2020 12:00 AM IST

കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ ആഗോള ശ്രദ്ധനേടിയ കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം മെഡിക്കൽ ടൂറിസത്തിന് കരുത്താകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച 'കേരള ഹെൽത്ത് ടൂറിസം" വിർച്വൽ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിൽ കൊവിഡ് രോഗികളിൽ 0.36 ശതമാനം മാത്രമാണ് മരണപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ ചികിത്സാച്ചെലവും കേരളത്തിന്റെ മികവാണ്. തനത് ചികിത്സാരീതിയായ ആയുർവേദം സഞ്ചാരികളെ ആകർഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ജി.ഡി.പിയിൽ നാലു ശതമാനം ആരോഗ്യ സേവന മേഖലയിൽ നിന്നാണെന്ന് കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്‌ടറും സി.ഐ.ഐ ഹെൽത്ത് കെയർ പാനൽ കൺവീനറുമായ ഡോ.എം.ഐ സഹദുള്ള പറഞ്ഞു. അന്താരാഷ്‌ട്ര മെഡിക്കൽ ടൂറിസത്തിൽ 18 ശതമാനമാണ് ഇന്ത്യയുടെ പങ്ക്.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, സി.ഐ.ഐ കേരള ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ബ്രാഹ്മിൺസ് ഫുഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശ്രീനാഥ് വിഷ്‌ണു തുടങ്ങിയവർ സംസാരിച്ചു. 42 രാജ്യങ്ങളിൽ നിന്നുള്ളവർ പ്രദർശനത്തിൽ സംബന്ധിച്ചു.