അഭിനന്ദനങ്ങൾ

Sunday 18 October 2020 12:43 AM IST

''കമ്മ്യൂണിസം - കനൽവഴികൾ" ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നാളെ - 100" എന്ന നടുത്താൾ ഏറെ ശ്രദ്ധേയമായി.

''സി.പി.ഐയുടേത് കമ്മ്യൂണിസ്റ്റ് സമീപനമല്ല" എന്ന എസ്.ആർ.പിയുടെ എഴുത്തും, 'കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരള സമൂഹവും" എന്ന കോടി​യേരി​യുടെ എഴുത്തും മാർക്സി​സത്തി​നു വേണ്ടി​യുള്ള വെറും വാചകക്കസർത്താണ്.

'ആത്മപരിശോധനയും തിരുത്തലും വേണം" എന്ന ശീർഷകത്തിൽ എം.എ. ബേബിയുടെ ചുരുങ്ങിയ വാക്കുകൾ ഏറെ സമകാലിക പ്രസക്തമാണ്.

'കേരളവും കമ്മ്യൂണിസവും" എന്ന തലക്കെട്ടിലുള്ള പത്രാധിപക്കുറിപ്പ് ഏറെ പ്രസക്തമാണ്. അത് സമകാലിക സാഹചര്യത്തെ സത്യസന്ധമായി വിവരിക്കുന്നു. എസ്.എ. ഡാങ്കയേപ്പറ്റി അല്പം എഴുതാമായിരുന്നു. ജ്യോതിബാസു ചിത്രത്തിൽ വന്നില്ല.

. ടി.കെ. സുജിത്ത് വരച്ച പടം ശ്രേഷ്ഠമാണ്. അതിലെ എല്ലാവരെയും നമുക്ക് തിരിച്ചറിയാം.

1950കളിൽ വിദ്യാർത്ഥികളായിരുന്ന ഞങ്ങൾ സ്വയം കുട്ടി സഖാക്കളായി. പത്തനംതിട്ട അഴൂരിൽ ഞങ്ങൾ ഒരു ബാലസമാജവും വായനശാലയും തുടങ്ങി. അന്ന് പത്തനംതിട്ടയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് ഇന്ന് മലബാർ ഗോൾഡ് നിൽക്കുന്ന ഭാഗത്തെ പാടത്തിനുള്ളിലായിരുന്നു. വായനശാലയ്ക്ക് പുതുതലമുറ പുസ്തകങ്ങൾ തേടി ഞങ്ങൾ പാർട്ടി ഓഫീസിൽ എത്തി. അന്ന് ഓഫീസ് മേധാവി കാമ്പിശ്ശേരി കരുണാകരനായിരുന്നു. അവിടെ അപ്പോൾ കുറുമ്പകര തങ്കപ്പനും, തലച്ചിറ സുകുമാരനും ഉണ്ടായിരുന്നു. 100 പുസ്തകം തന്നു.

വായനശാല ഉദ്ഘാടനം ചെയ്തുതന്നത് സ. കാമ്പിശ്ശേരിയായിരുന്നു. ഞങ്ങൾ ഒരു കൈഎഴുത്തു മാസിക തുടങ്ങാൻ അദ്ദേഹം നിർദ്ദേശിച്ചു. മാസികയുടെ പേര് മുന്നണി എന്നാകും ഉത്തമം എന്നും അദ്ദേഹം പറഞ്ഞു. എന്നെ അപ്പോൾ തന്നെ അദ്ദേഹത്തിന്റെ പത്രാധിപരാക്കി. കൊടുന്തറ ഡോ. ബാലകൃഷ്ണപിള്ളയായിരുന്നു ഞങ്ങളുടെ പ്രദേശത്തെ വലിയ സഖാവ്. അവരെല്ലാം ഓർമ്മയിലായി. വായനശാലയും മാസികയും 1960 വരെ പ്രവർത്തിച്ചു.

കേരളകൗമുദി പത്രത്തിന് അഭിനന്ദനങ്ങൾ.

പി. രാമചന്ദ്രൻനായർ

പത്തനംതിട്ട പൗരസമിതി പ്രസിഡന്റ്