വീണ്ടും മുൻകൂർ ജാമ്യത്തിനായി ശിവശങ്കർ ഹൈക്കോടതിയിലേക്ക്: ഇന്നും സ്കാനിംഗ്, ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും സ്കാനിംഗിന് വിധേയനാക്കും. ഇന്നലെ എം ആർ ഐ സ്കാനിംഗ് നടത്തിയെങ്കിലും ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. കലശലായ നടുവേദനയുണ്ടെന്നാണ് ശിവശങ്കർ പറയുന്നത്. മെഡിക്കൽബോർഡ് യോഗംചേർന്ന് ആശോഗ്യനില വിലയിരുത്തും. അതിനുശേഷമായിരിക്കും തുടർ ചികിത്സ നിശ്ചയിക്കുക. ശിവശങ്കറിന് കലശലായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതിനിടെ ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്. കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് രജിസ്റ്റർചെയ്ത കേസിൽ ശിവശങ്കറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് 1.90 ലക്ഷം ഡോളർ (1.40 കോടി രൂപ) വിദേശത്തേക്ക് കടത്താൻ ഒത്താശ ചെയ്തെന്ന പുതിയ കേസിൽ ചോദ്യംചെയ്യാനായി വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവേ ആണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയസംബന്ധമായ തകരാറില്ലെന്ന് വ്യക്തമായി. നട്ടെല്ലിലെ വേദനയ്ക്ക് നടത്തിയ പരിശോധനയിൽ ഡിസ്കിന് തകരാർ കണ്ടു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്രി ഓർത്തോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജിൽ ന്യൂറോ വിഭാഗത്തിന്റെ പരിശോധനയിൽ ശിവശങ്കറിന് കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണ്. കടുത്ത പുറംവേദനയ്ക്ക് വിദഗ്ദ്ധ പരിശോധന വേണമെന്ന് സ്വകാര്യാശുപത്രിയിലെ ഡോക്ടർമാർ കസ്റ്റംസിനെ അറിയിച്ചിരുന്നു. ഇ.സി.ജിയിൽ നേരിയ വ്യതിയാനമേയുള്ളൂ. രക്തസമ്മർദ്ദം സാധാരണനിലയിലാണ്.
ഉച്ചയ്ക്ക് 12ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി രണ്ടു മണിക്കൂറിനകം ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിനെ കസ്റ്രംസ് ഉദ്യോഗസ്ഥർ അനുഗമിച്ചു. അദ്ദേഹത്തിന്റെ വിവരങ്ങൾ ആശുപത്രി അധികൃതർ കസ്റ്റംസിനെ അറിയിക്കുന്നുണ്ട്.