തലസ്ഥാന ജില്ലയ്ക്ക് നേരിയ ആശ്വാസം: ഇന്ന് രോഗമുക്തി നേടിയത് 1210 പേർ, രോഗം വന്നത് 685 പേർക്ക്, നാല് മരണം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടർന്നിരുന്ന സാഹചര്യത്തിൽ നിന്നും നേരിയ തോതിൽ കരകയറി തലസ്ഥാന ജില്ല. തിരുവനന്തപുരത്ത് ഇന്ന് 685 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് കൂടുതലാണെന്നത് നേരിയ ആശ്വാസം നൽകുന്നു.
1210 പേർക്കാണ് ഇന്ന് രോഗമുക്തി ഉണ്ടായിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം 10,364 പേരാണ് ഇപ്പോൾ ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരത്ത് മരണമടഞ്ഞ നാല് പേർക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നതായും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ എന്നിവർക്ക് കൊവിഡ് രോഗമുണ്ടായിരുന്നുവെന്ന് ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്താണ്. 1399 പേർ. കോഴിക്കോട്ട് 976 പേർക്കും തൃശൂരിൽ 862 പേർക്കും എറണാകുളത്ത് 730 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.