രാജ്യത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കേരളത്തിൽ,​ കേന്ദ്രആരോഗ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ.ശൈലജ

Sunday 18 October 2020 7:31 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന്റെ വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇന്ത്യയിലെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കുറയ്ക്കാൻ എടുത്തത് ശക്തമായ നടപടിയാണെന്നും. ആളുകൾ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓണസമയത്തെ കൂട്ടംകൂടലുകളെ കുറിച്ചാണ് ഹർഷവർദ്ധൻ പറഞ്ഞത്, ഇക്കാര്യം മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളതാണ്. കേന്ദ്രമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും വിമർശനം ഉന്നയിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞതായും ശൈലജ വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം. സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉൾപ്പെട്ടിരിക്കുന്നത്.