മൈക്രോമാക്‌സ് പുനർജനിക്കുന്നു
'ഇൻ" ബ്രാൻഡിൽ സ്മാർട്ട്ഫോണുകളിറക്കും
ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപണിയിലെ ശ്രദ്ധേയ ഇന്ത്യൻ ബ്രാൻഡായിരുന്ന മൈക്രോമാക്‌സ് രണ്ടാംവരവിനൊരുങ്ങുന്നു. ചൈനീസ് കമ്പനികളുടെ കടന്നുകയറ്റത്തോടെ വിപണിയിൽ നിന്ന് പിൻവാങ്ങിയ മൈക്രോമാക്‌സ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ആത്മനിർഭർ ഭാരത്" കാമ്പയിന് പിന്തുണയുമായി 'ഇൻ" എന്ന പുത്തൻ ബ്രാൻഡിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയാണ് വീണ്ടുമെത്തുന്നത്.
പൂർവാശ്രമത്തിലെ പോലെ 3,000 - 5,000 രൂപാ ശ്രേണിയിൽ ഇനി ഫോണുകൾ ഇറക്കില്ലെന്ന് മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമ്മ പറഞ്ഞു. 7,000 മുതൽ 20,000 രൂപവരെയുള്ള ശ്രേണികളായിരിക്കും 'ഇൻ" ഫോണുകൾ അവതരിപ്പിക്കുക. ആഭ്യന്തര ഉത്‌പാദനം, ഗവേഷണം, വികസനം എന്നിവയ്ക്കായി 500 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്.
₹3,000ന്റെ 5ജി
ഫോണുമായി ജിയോ
2,500-3,000 രൂപ വിലയുള്ള 5ജി സ്മാർട്ട്ഫോൺ റിലയൻസ് ജിയോ വിപണിയിലിറക്കും. തുടക്കത്തിൽ വില 5,000 രൂപ നിരക്കിലായിരിക്കും. പിന്നീടാണ് വില കുറയ്ക്കുക. നിലവിൽ 2ജി സൗകര്യമുള്ള ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന 30 കോടിയോളം ഉപഭോക്താക്കളെയാണ് ഇതിലൂടെ ജിയോ ഉന്നംവയ്ക്കുന്നത്. നിലവിൽ, ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോൺ ലഭിക്കാൻ കുറഞ്ഞത് 27,000 രൂപ ചെലവാക്കണം.
1,500 രൂപയുടെ റീഫണ്ടബിൾ ഡെപ്പോസിറ്റ് നൽകുന്നവർക്ക് സൗജന്യ 4ജി സ്മാർട്ട്ഫോൺ നൽകുന്ന പദ്ധതി നേരത്തെ ജിയോ നടപ്പാക്കിയിരുന്നു.