ശിവശങ്കറിന് ആശ്വാസം; വെളളിയാഴ്‌ച വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി വെളളിയാഴ്ച വരെ തടഞ്ഞു. 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ല. എതിർവാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു. വെളളിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്യാൻ ആണ് ശ്രമിച്ചതെന്ന് ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യേപേക്ഷയിൽ പറഞ്ഞിരുന്നു . എൻഫോഴ്സ്മെന്റ് കേസിലും ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.
മുൻകൂർ ജാമ്യഹർജിയെ എതിർത്ത കസ്റ്റംസ് നിലവിൽ ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കോടതിയിൽ വാദിച്ചു. സമൻസ് കൈപ്പറ്റാൻ പോലും ശിവശങ്കർ വിസമ്മതിച്ചു. ശിവശങ്കർ രാഷ്ട്രീയം കളിക്കുകയാണ്. മുഖ്യമന്ത്രി തന്നെ രാഷ്ട്രീയ പകപോക്കൽ എന്ന് പറഞ്ഞിരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കറിനെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വെളളിയാഴ്ച അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം. ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ കാറിൽ വരാൻ അവർ നിർബന്ധിച്ചു. സ്വന്തം വാഹനത്തിൽ പോകാൻ അനുവദിച്ചില്ലെന്നും ശിവശങ്കർ മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കി.
തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസിൽ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസിൽ വ്യക്തമല്ല. എന്ത് കൊണ്ട് ഹരാസ് ചെയ്യുന്നു എന്ന് മനസിലാകുന്നില്ലെന്നും എം ശിവശങ്കർ ഹർജിയിൽ പറഞ്ഞു. സ്വർണക്കടത്തിൽ മാത്രം 34 മണിക്കൂർ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കർ കോടതിയെ ബോധിപ്പിച്ചു. ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. 200/100 ആയിരുന്നു പൾസ്. മെഡിക്കൽ റെക്കോർഡുകൾ കളളം പറയില്ലെന്നും ശിവശങ്കർ കോടതിയെ ബോധിപ്പിച്ചു.