കൊവിഡ് കാലം: സംസ്ഥാനത്തെ തൊഴിലാളി വരുമാനം പകുതിയായി

Tuesday 20 October 2020 3:17 AM IST

കൊച്ചി: കൊവിഡ് വ്യാപനം സംസ്ഥാനത്തെ കാർഷികേതര അസംഘടിത മേഖലയിലെ തൊഴിലും വരുമാനവും പകുതിയായി കുറച്ചെന്ന് പഠനം. തൊഴിൽ നഷ്ടം 53 ശതമാനവും വരുമാന നഷ്ടം 59 ശതമാനവുമാണ്. സംസ്ഥാന എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.ജെ. ജോസഫും പി.വി. ബാബുവുമാണ് പഠനം നടത്തിയത്.

ലോക്ക്ഡൗണിന് മുമ്പുള്ള മാസത്തെ കണക്കും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ശരാശരിയും താരതമ്യം ചെയ്താണ് നിഗമനത്തിലെത്തിയത്. നിർമ്മാണ മേഖലയെ ഒഴിവാക്കി സംസ്ഥാനത്തൊട്ടാകെയുള്ള 9,262 യൂണിറ്റുകളെ പഠനത്തിന് വിധേയമാക്കി.

കാർഷിക മേഖലയിൽ തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും കുറവായിരുന്നു. സേവനമേഖലയിൽ ഹോട്ടൽ, ടൂറിസം എന്നിവയിൽ തൊഴിലും വരുമാനവും കുറഞ്ഞു. ഏപ്രിലിലാണ് തൊഴിൽ നഷ്ടം കൂടുതൽ; 74 ശതമാനം. ജൂണിൽ ഇത് 32 ശതമാനമായി കുറഞ്ഞു. ഏപ്രിൽ-ജൂൺ പാദത്തിൽ തൊഴിൽ നഷ്ടം 53 ശതമാനമാണ്.

തൊഴിൽ നഷ്‌ടം

മാനുഫാക്‌ചറിംഗ് : 55%

വ്യാപാരം : 39%

ഹോട്ടൽ : 69%

റിയൽ എസ്‌റ്റേറ്റ് : 52%

വരുമാന നഷ്ടം

ഏപ്രിലിൽ 79 ശതമാനവും ജൂണിൽ 39 ശതമാനവുമാണ് അസംഘടിത മേഖലയിലെ തൊഴിലാളി വരുമാന നഷ്ടം. ആദ്യപാദത്തിലെ ശരാശരി നഷ്ടം 59 ശതമാനം. ഹോട്ടൽ മേഖലയിൽ 82 ശതമാനം. റിയൽ എസ്റ്റേറ്റിൽ 73 ശതമാനം.

2017-18ലെ തൊഴിലാളിക്കണക്ക്

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം കേരളത്തിൽ 88.4 ലക്ഷം തൊഴിലാളികളാണുള്ളത്. 12.5 ലക്ഷം പേർ (14 ശതമാനം) സംഘടിത മേഖലയിലും 33 ലക്ഷം പേർ കാർഷിക മേഖലയിലും 43 ലക്ഷം പേർ (49 ശതമാനം) കാർഷികേതര അസംഘടിത മേഖലയിലുമാണ്.