ലുലുവിൽ അബുദാബി സർക്കാർ ₹7,500 കോടി നിക്ഷേപിക്കും
അബുദാബി: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിൽ അബുദാബി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപക സ്ഥാപനമായ അബുദാബി കമ്പനി (എ.ഡി.എക്യു) 100 കോടി ഡോളറിന്റെ (ഏകദേശം 7,500 കോടി രൂപ) മൂലധന നിക്ഷേപം നടത്തും.
മദ്ധ്യേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്‌തിൽ ലുലുവിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കാനാണ്, അബുദാബി രാജ കുടുംബാംഗമായ ഷെയ്‌ക് താനൂൺ ബിൻ സയീദ് അൽ നഹ്യാൻ ചെയർമാനായ എ.ഡി.ക്യൂ നിക്ഷേപം നടത്തുന്നത്. ഇതു സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും എ.ഡി.ക്യു സി.ഇ.ഒ മുഹമ്മദ് ഹസൻ അൽ സുവൈദിയും ഒപ്പുവച്ചു.
രണ്ടാംതവണയാണ് എ.ഡി.ക്യുവിന്റെ നിക്ഷേപം ലുലുവിലെത്തുന്നത്. ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തന വിപുലീകരണത്തിനായി കഴിഞ്ഞമാസം 110 കോടി ഡോളർ (8,200 കോടി രൂപ) നിക്ഷേപിച്ചിരുന്നു. ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടർച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു.
കൂടുതൽ രാജ്യങ്ങളിലേക്ക് ലുലുവിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. കേരളമടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകളും മിനി മാർക്കറ്റുകളും ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.
ലുലുവും ഈജിപ്തും
ഈജിപ്‌തിൽ 30 ഹൈപ്പർമാർക്കറ്റുകളും 100 മിനി മാർക്കറ്റുകളും അത്യാധുനിക ലോജിസ്‌റ്റിക്‌സ് സെന്ററും സ്ഥാപിക്കാനും ഇ-കൊമേഴ്‌സ് വിപുലീകരണത്തിനുമാണ് എ.ഡി.ക്യുവിന്റെ നിക്ഷേപം പ്രയോജനപ്പെടുത്തുക. മൂന്നു മുതൽ അഞ്ചുവർഷത്തിനകം പുതിയ മാർക്കറ്റുകൾ യാഥാർത്ഥ്യമാകും. മലയാളികൾ ഉൾപ്പെടെ 12,000ലേറെ പേർക്ക് ജോലിയും ലഭിക്കും. ഈജിപ്‌തിൽ ലുലുവിന്റെ രണ്ടാം ഹൈപ്പർമാർക്കറ്റ് കെയ്‌റോയ്ക്കടുത്തുള്ള ഹെലിയോപ്പോളിസിൽ കഴിഞ്ഞമാസം തുറന്നിരുന്നു.