ഉത്തരവാദിത്ത ടൂറിസം മിഷൻ മൂന്നാം വർഷത്തിലേക്ക്

Tuesday 20 October 2020 3:20 AM IST

തിരുവനന്തപുരം: ടൂറിസത്തിന്റെ ഗുണം നാട്ടുകാർക്ക് കൂടി ലഭിക്കാനും ദോഷഫലങ്ങൾ കുറയ്ക്കാനുമായി ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം മിഷൻ മൂന്നാം വർഷത്തിലേക്ക്. വാർഷികാഘോഷം ഇന്ന് 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. 28വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും. 2008ൽ പരീക്ഷണാടിസ്ഥാനത്തിൽ കുമരകം, കോവളം, വൈത്തിരി, തേക്കടി എന്നിവിടങ്ങളിലായിരുന്നു തുടക്കം. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന നയമായി അംഗീകരിച്ച് 2017ൽ മിഷൻ രൂപീകരിച്ചു. നാടിന്റെ പരിസ്ഥിതിയെയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ച് തദ്ദേശീയർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കി ടൂറിസം വികസിപ്പിക്കുകയാണ് ലക്ഷ്യം.

നേട്ടങ്ങൾ

 ടൂറിസവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള 20,000 യൂണിറ്റുകൾ മിഷന്റെ ഭാഗം.

 80% യൂണിറ്റുകളും നയിക്കുന്നത് സ്ത്രീകൾ

 ഒരുലക്ഷം ഗുണഭോക്താക്കൾ

 പ്രാദേശിക വരുമാനം ₹35 കോടി

 കലാപ്രവർത്തകർക്കായി ആർ.ടി ആർട്ട് ആൻഡ് കൾച്ചറൽ ഫോറം

 4 അന്താരാഷ്ട്ര അവാർഡുകളും 3 നാഷണൽ അവാർഡുകളും