ഐ.പി.എൽ, ചെന്നെെയ്ക്ക് വീണ്ടും തോൽവി, രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് ജയം
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 37ാം മത്സരത്തിൽ ചെന്നെെയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പർ കിംഗ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി. ഇത് പിന്തുടർന്ന രാജസ്ഥാൻ 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടിയാണ് വിജയിച്ചത്.
രാജസ്ഥാനുവേണ്ടി കളിച്ച ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ 48 പന്തിൽ 70 റൺസ് നേടി മാൻ ഓഫ് ദ മാച്ചായി. ചെന്നെെ ടീം ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി 28 പന്തിൽ 28 റൺസ് നേടി. രവീന്ദ്ര ജഡേജ 30 പന്തിൽ 35 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഷെയ്ൻ വാട്സൺ 3 പന്തിൽ എട്ട് റൺസും കേദാർ ജാദവ് 7 പന്തിൽ 4 റൺസും നേടി. ഇതുവരെ നടന്ന പത്ത് മത്സരങ്ങളിൽ ഏഴ് എണ്ണത്തിലും പരാജയപ്പെട്ട ചെന്നെെ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ചെന്നെെയ്ക്ക് പ്ലേ ഓഫ് സാദ്ധ്യതയും മങ്ങി. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ചെന്നെെയും രാജസ്ഥാനും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നെെയ്ക്കെതിരെ രാജസ്ഥാൻ 16 റൺസ് വിജയം നേടിയിരുന്നു.