ട്രംപിനെ വധിക്കുന്നു, ബൈഡൻ ദുർഗാദേവിയുടെ വാഹനം: ഹിന്ദു ദേവതയുടെ ചിത്രം മോർഫ് ചെയ്തതിനെതിരെ പ്രതിഷേധം, വിവാദ പോസ്റ്റ് നീക്കം ചെയ്ത് മീന ഹാരിസ്

Tuesday 20 October 2020 5:32 PM IST

വാഷിംഗ്ടൺ : ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി കമലാ ഹാരിസിനെ ദുർഗാ ദേവിയായി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെതിരെ കമലയുടെ അനന്തരവളായ മീന ഹാരിസിനെതിരെ പ്രതിഷേധം. ദുർഗാദേവിയായി ചിത്രീകരിച്ചിരിക്കുന്ന കമല പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നതാണ് ചിത്രം.

ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബൈഡനെ ദുർഗാ ദേവിയുടെ വാഹനമായ സിംഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഹിന്ദു ദേവതയുടെ ചിത്രം മോർഫ് ചെയ്തതിനെതിരെ നിരവധി പേർ രംഗത്തെത്തുകയായിരുന്നു.

മീന ഹാരിസ് തന്റെ പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപണമുയർന്നു. സംഭവത്തിൽ മീന ക്ഷമാപണം നടത്തണമെന്ന് യു.എസിലെ ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.

പോസ്റ്റ് വിവാദമായതോടെ മീന തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും അത് നീക്കം ചെയ്യുകയും വിമർശിച്ച ചിലരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തിന്മയ്ക്ക് മേൽ നൻമയുടെ വിജയത്തിന്റെ പ്രതീകമായി ആഘോഷിക്കുന്ന നവരാത്രി ദിനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് നേരത്തെ യു.എസിലെ ഹിന്ദു സമൂഹത്തെ ജോ ബൈഡനും കമലയും അഭിസംബോധന ചെയ്തിരുന്നു.