185 വിശുദ്ധ സേനാംഗങ്ങളെ നിയോഗിക്കും
ശബരിമല : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കായി അഖില ഭാരത അയ്യപ്പസേവാ സംഘം മുഖേന 185 വിശുദ്ധ സേനാംഗങ്ങളെ ശബരിമല സാനിറ്റേഷൻ സൊസൈറ്റി നിയോഗിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. വീഡിയോ കോൺഫറൻസ് മുഖേന ചേർന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വിശുദ്ധി സേനാംഗങ്ങൾ മണ്ഡലകാലത്തിന് ഏഴു ദിവസം മുൻപ് കൊവിഡ് നെഗറ്റീവ് ആണെന്ന് 48 മണിക്കൂർ മുൻപ് ലഭിച്ച സർട്ടിഫിക്കറ്റോടെ ജില്ലയിൽ എത്തണം. തുടർന്ന് ഏഴു ദിവസം ക്വാറന്റൈനിൽ കഴിയണം. വിശുദ്ധി സേനാംഗങ്ങൾക്ക് ശുചീകരണ ജോലികൾക്ക് മുമ്പായി ആന്റിജൻ ടെസ്റ്റ് നടത്തും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ 50 പേർ വീതവും, പന്തളത്ത് 25 പേരെയും, കുളനടയിൽ 10 പേരെയും നിയോഗിക്കും. സാനിറ്റേഷൻ സൂപ്പർവൈസർമാർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ പരിശീലനം നൽകും. മാലിന്യങ്ങൾ നീക്കുന്നതിന് നാല് ട്രാക്ടറുകൾ ഉണ്ടാകും. തീർത്ഥാടകരുടെ പരാതികൾ അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഒരുക്കും. മിഷൻഗ്രീൻ ശബരിമലയുടെ ഭാഗമായി തുണി സഞ്ചികൾ വിതരണം ചെയ്യുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ, ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, അടൂർ ആർ.ഡി.ഒ ഹരികുമാർ, ഡി.എം.ഒ ഡോ. എ.എൽ. ഷീജ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.