സി.വി. രാമൻപിള്ളയുടെ ചെറുമകൻ റോസ്‌ക്കോട്ട് കൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: സി.വി.രാമൻപിള്ളയുടെ ചെറുമകനും നിരവധി ശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവും കേന്ദ്ര പബ്ലിക്കേഷൻ ഡിവിഷനിലെ സീനിയർ ഉദ്യോഗസ്ഥനുമായിരുന്ന റോസ്‌ക്കോട്ട് കൃഷ്ണപിള്ള (93) അന്തരിച്ചു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സി.വി.രാമൻപിള്ളയുടെ മൂത്തമകൾ ഗൗരിക്കുട്ടിഅമ്മയുടെയും സ്വാതന്ത്ര്യസമര സേനാനി പടിഞ്ഞാറെകോട്ട പുന്നയ്ക്കൽവീട്ടിൽ എ.ആർ.പിള്ളയുടെയും മകനാണ്. യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പൽ ജോൺ റോസിന്റെ പേരിൽ സി.വി.രാമൻപിള്ള നിർമ്മിച്ച വഴുതക്കാട് റോസ് കോട്ടേജിന്റെ പേരിലാണ് കൃഷ്ണപിള്ള അറിയപ്പെട്ടിരുന്നത്. ശാസ്തമംഗലം എൻ.എസ്.എസ് ഓഫീസിന് എതിർവശം കോട്ടയ്ക്കൽ വീട്ടിലാണ് താമസിച്ചിരുന്നത്. ഹാസ്യസാഹിത്യകാരൻ ഈ.വി. കൃഷ്ണപിള്ള ഇളയച്ഛനും നടൻ അടൂർഭാസി ഇളയമ്മയുടെ മകനുമാണ്. ഭാര്യ: കെ.ആർ. ഹേമകുമാരി. മക്കൾ: ഗിരീഷ്ചന്ദ്രൻ (അമേരിക്ക), രാധിക മേനോൻ (പത്രപ്രവർത്തക), ദേവിക പിള്ള (കൊച്ചി, ഫിഷറീസ് സർവകലാശാല). മരുമക്കൾ: കെ.എസ്.ആർ.മേനോൻ (മുൻ പി.ടി.ഐ), മനോജ് പിള്ള (കൊച്ചി, ഫിഷറീസ് സർവകലാശാല), ഡെബ്ര ചന്ദ്രൻ. സംസ്‌കാരം ഇന്നു രാവിലെ തൈക്കാട് ശാന്തികവാടത്തിൽ.
ഡൽഹി ആകാശവാണിയിൽ വാർത്താ അവതാരകനും സബ് എഡിറ്ററുമായിരുന്നു. തിരുവനന്തപുരത്ത് എത്തിയ ശേഷം ദീർഘകാലം പ്ലാനിംഗ് ബോർഡിന്റെ യോജന മാസികയുടെ എഡിറ്ററായി. പ്രസ് ഇൻഫർമേഷൻ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, കേരള സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപകരിൽ ഒരാളാണ്. വാടാമല്ലി, ശാസ്ത്രശില്പികൾ (കഥകൾ), കുട്ടികളുടെ ഇല്ലസ്‌ട്രേറ്റഡ് സയൻസ് ഡിക്‌ഷ്ണറി, പക്ഷിനിരീക്ഷണം, ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ തുടങ്ങിയവ കൃതികളാണ്. കൃഷ്ണപിള്ളയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.