ലോക്കർ കുരുക്കായി: ശിവശങ്കറിന്റെ അറസ്റ്റ് ഉടൻ

Thursday 22 October 2020 12:12 AM IST

തിരുവനന്തപുരം:സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്നും പണവുമായി അദ്ദേഹം തന്റെ വീട്ടിലെത്തിയെന്നും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ വെളിപ്പെടുത്തിയതോടെ കള്ളപ്പണ ഇടപാടു കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഉറപ്പായി. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ആവശ്യപ്പെട്ടു കഴിഞ്ഞു.

ലോക്കർ ഇടപാട് ശിവശങ്കറിന് കുരുക്കാവുമെന്ന് ആഗസറ്റ് രണ്ടിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

വേണുഗോപാലിന്റെ മൊഴികളിൽ നിന്ന് ശിവശങ്കറിന് കള്ളപ്പണ ഇടപാടിൽ പങ്കുണ്ടായിരുന്നെന്നും സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കർ അറിഞ്ഞിരുന്നെന്നുമാണ് ഇ.ഡി വിലയിരുത്തുന്നത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾക്ക് ശിവശങ്കർ സഹായം നൽകിയതിന്റെ തെളിവുകൾ സീൽവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചശേഷം അറസ്റ്റിനുള്ള അനുമതി ആവശ്യപ്പെടും. 23വരെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

യു.എ.ഇ കോൺസുൽ ജനറൽ സ്വപ്നയ്ക്ക് സമ്മാനമായി നൽകിയ 30ലക്ഷം രൂപ സൂക്ഷിക്കാനാണ് ലോക്കർ തുറന്നതെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇത് കളവാണെന്ന് ഇ.ഡി പറയുന്നു. 2017ഏപ്രിലിലും 2018ഏപ്രിലിലും ഒക്ടോബറിലും യു.എ.ഇയിലേക്കും ഒമാനിലേക്കും നടത്തിയ യാത്രകളിൽ സ്വപ്‌നയുമായി ഗൂഢാലോചന നടത്തിയ ശിവശങ്കർ, പ്രളയസഹായത്തിന്റെ മറവിൽ കോഴ തട്ടാനുള്ള പദ്ധതിയൊരുക്കിയെന്ന വിവരവും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64ലക്ഷം രൂപയും 982.5ഗ്രാം സ്വർണവും ഫെഡറൽബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.

വേണുഗോപാലിന്റെ മൊഴി

ലോക്കറിൽ 30 ലക്ഷം സൂക്ഷിച്ചത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നു. മൂന്നോ നാലോ തവണ ലോക്കർ തുറന്ന് പണം സ്വപ്‌നയ്‌ക്ക് എടുത്തു നൽകിയപ്പോഴെല്ലാം ശിവശങ്കറിനെ അറിയിച്ചു. 35ലക്ഷം ലോക്കറിൽ വയ്ക്കണമെന്ന് ശിവശങ്കർ വാട്സാപ്പിൽ അറിയിച്ചെങ്കിലും 30ലക്ഷമേ എത്തിച്ചുള്ളൂ. പണമടങ്ങിയ ബാഗുമായി സ്വപ്ന തന്റെ വീട്ടിലെത്തിയപ്പോൾ ശിവശങ്കർ ഒപ്പമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനടുത്ത് ശാന്തിനഗറിൽ വച്ച് സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്ന ശിവശങ്കറിന്റെ മൊഴി കളവാണ്. ലോക്കറിൽ പണം വച്ച വിവരം അപ്പോൾതന്നെ ശിവശങ്കറിനെ അറിയിച്ചിരുന്നു.

പിടിവിടാത്ത ഇ.ഡി

  • സ്വർണക്കടത്ത് പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകളാണ് അന്വേഷിക്കുന്നത്. കള്ളപ്പണ കേസിൽ പ്രതിയാക്കിയാൽ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനാണ്.
  • ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യംകിട്ടില്ല. ബിനാമിആക്‌ട്, ഇൻകംടാക്‌സ് ആക്‌ട്, ആന്റി മണിലോണ്ടറിംഗ് ആക്‌ട്,​വിദേശത്ത് ഹവാലാ ഇടപാട് നടന്നതിനാൽ ഫെമ (ഫോറിൻമണി മാനേജ്‌മെന്റ് ആക്‌ട്) എന്നീ വകുപ്പുകൾ ചുമത്താം.
  • ചാർട്ടേർഡ് അക്കൗണ്ടന്റിനെ മാപ്പുസാക്ഷിയാക്കിയാൽ കേസ് കടുക്കും.