എതിർപ്പിനെ തുടർന്ന് പിൻമാറ്റം; ശമ്പളം പിടിക്കില്ല
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും വീണ്ടും സാലറി കട്ട് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണ,പ്രതിപക്ഷ ഭേദമില്ലാതെ അദ്ധ്യാപക സർവീസ് സംഘടനകൾ ശക്തമായ എതിർപ്പ് അറിയിച്ചതിനെത്തുടർന്നാണിത്. ഏപ്രിൽ മുതൽ ആറ് മാസം പിടിച്ച ശമ്പളം അടുത്ത ഏപ്രിൽ ഒന്നിന് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. അതുവരെ പി.എഫ് നിരക്കിൽ ഒൻപത് ശതമാനം പലിശ നൽകും. ആ പണം ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്ക് ആവശ്യമെങ്കിൽ പിൻവലിക്കാം. പി.എഫ് ഇല്ലാത്തവർക്കും പെൻഷൻകാർക്കും അടുത്ത ജൂൺ മുതൽ പലിശയുൾപ്പെടെ അഞ്ച് തുല്യഗഡുക്കളായി തിരിച്ചുനൽകും.
പിടിച്ചത് 2500 കോടി
കൊവിഡ് നിമിത്തം സർക്കാർ വരുമാനത്തിൽ 60 ശതമാനത്തിന്റെ നഷ്ടം നേരിട്ട സാഹചര്യത്തിൽ പിടിച്ചുവച്ച ആറ് മാസത്തെ 20 ശതമാനം വേതനം 2500 കോടി വരും.
പ്രതിമാസം ആറ് ദിവസത്തെ ശമ്പളം വീതം അടുത്ത ഏപ്രിൽ വരെ 36 ദിവസത്തെ ശമ്പളം പിടിക്കാൻ സെപ്തംബർ 15ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സെപ്തംബർ 29ന് ഒാർഡിനൻസും പുതുക്കിയിറക്കി.
ജീവനക്കാരുടെ ശക്തമായ പ്രതിഷേധം. ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ഭരണ,പ്രതിപക്ഷ സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല.
പിന്മാറ്റത്തിന് പിന്നിൽ
വീണ്ടും സാലറി കട്ടിന് സർക്കാർ മൂന്ന് ഒാപ്ഷൻ വച്ചെങ്കിലും, പിടിച്ച തുക തിരിച്ചു നൽകിയശേഷം വീണ്ടും പിടിച്ചാൽ മതിയെന്ന് ജീവനക്കാരുടെ സംഘടനകൾ.
ഇപ്പോഴത്തെ സാഹചര്യത്തിൽ, പിടിച്ച പണം ഉടനെ തിരിച്ചുനൽകാനോ, പി.എഫിൽ ലയിപ്പിക്കാനോ സർക്കാരിനാവില്ല.
ആസന്നമായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് തിരിച്ചടിയാവുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു.
ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് 7000 കോടിയോളം വായ്പയെടുത്ത് നൽകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിൽ 5000 കോടി ഉടൻ കിട്ടാനും സാദ്ധ്യത തെളിഞ്ഞു.
സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ അഭ്യർത്ഥനയെ എന്തിനാണ് തിരസ്കരിച്ചതെന്ന് പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ തങ്ങളുടെ അണികളോടെങ്കിലും വിശദീകരിക്കണം
ധനമന്ത്രി ടി.എം.തോമസ് ഐസക്