കോഴിക്കോട് മുൻ മേയർ എം.ഭാസ്‌കരൻ അന്തരിച്ചു
കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കോഴിക്കോട് കോർപറേഷൻ മുൻ മേയറുമായിരുന്ന എം.ഭാസ്‌കരൻ (80) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.20 ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരത്തെ ദേശാഭിമാനി ജീവനക്കാരനായിരുന്നു. ചുമട്ട് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഭാസ്‌കരൻ ഹെഡ് ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റായിരുന്നു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ, റബ്കോ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.നാലുതവണ കോഴിക്കോട് കോർപറേഷൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാസ്‌കരൻ 2005-10 കാലയളവിലാണ് മേയറായത്.ഭാര്യ: പി.എൻ.സുമതി (റിട്ട. അദ്ധ്യാപിക, കാരപ്പറമ്പ് ആത്മ യു.പി സ്കൂൾ). മക്കൾ: വരുൺ ഭാസ്‌കർ (സി.പി.എം കരുവശേരി ലോക്കൽ കമ്മിറ്റി അംഗം), സിന്ധു. മരുമക്കൾ: സഹദേവൻ, സുമിത (യു.എൽ. സി.സി.എസ് ).സംസ്‌കാരം ഇന്ന് രാവിലെ 9 ന് മാവൂർ റോഡ് ശ്മശാനത്തിൽ.