ഇവിടത്തെ കാര്യങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ട, അതിന് വേറെ ആളുണ്ട്: ചെന്നിത്തല

Thursday 22 October 2020 2:57 PM IST

തിരുവനന്തപുരം: പ്രദേശികമായ കാര്യങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത്തരം കാര്യങ്ങൾ പറയാൻ ഇവിടെ വേറെ ആളുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനസർക്കാരിനെ രാഹുൽ അഭിനന്ദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ കടുപ്പിച്ചുളള മറുപടി. തുടർന്ന് താൻ പറഞ്ഞത് ഏത് അർത്ഥത്തിലാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

'കൊവിഡിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനെക്കുറിച്ചാണ് രാഹുൽ പറഞ്ഞത്. രാഹുൽ ഗാന്ധിയെപ്പോലുളള ഒരാൾ ഇവിടെ വന്നിട്ട് പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുമുളളത്. അദ്ദേഹം പറയുമ്പോൾ ആ നിലയിൽ നിന്ന് പറഞ്ഞാൽ മതി. ഇവിട‌ത്തെകാര്യങ്ങൾ പറയാൻ ഞങ്ങളാെക്കെ ഉണ്ടല്ലോ. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ളെയിം ഗെയിം നടത്തരുതെന്ന് രാഹുൽ പറഞ്ഞതിൽ എല്ലാം ഉണ്ട്'-ചെന്നിത്തല വ്യക്തമാക്കി.