'കൂലിപ്പണിചെയ്‌ത് ഉണ്ടാക്കിയ വീടാണ് അല്ലാതെ സർക്കാർ തന്നതല്ല'; യുവാവിന്റെ മറുപടി വിവാദമായപ്പോൾ പോസ്‌റ്റ് പിൻവലിച്ച് വി കെ പ്രശാന്ത് എം എൽ എ
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിപ്രകാരം സർക്കാർ നിർമ്മിച്ച് നൽകുന്ന വീടെന്ന അവകാശപ്പെട്ട് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് പോസ്‌റ്റ് ചെയ്‌ത ചിത്രം വിവാദമായി. ടാർപോളിനും ഷീറ്റും ഉപയോഗിച്ചുളള പഴയ വീടിന്റെ ചിത്രവും പുതുതായി നിർമ്മിച്ച വീടിന്റെ ചിത്രവുമാണ് 'ലൈഫ് നമ്മുടെ സർക്കാർ' എന്ന തലവാചകത്തോടെ വി.കെ പ്രശാന്തിന്റെ പോസ്‌റ്റിലുണ്ടായിരുന്നത്.
എന്നാൽ ചിത്രത്തിലെ വീട് തന്റെ വീടാണെന്നും കൂലിപ്പണി ചെയ്‌ത് നിർമ്മിച്ച വീടാണിതെന്നും, സർക്കാർ നിർമ്മിച്ചു നൽകിയ വീടല്ലെന്നും കാര്യങ്ങൾ ഒന്നും അറിയാതെ ഇത്തരം പോസ്‌റ്റ് ഇടരുതെന്നും ജെമിച്ചൻ ജോസ് എന്ന ഒരു യുവാവ് എം.എൽ.എയുടെ പോസ്‌റ്റിന് മറുപടി നൽകി. തുടർന്ന് എം.എൽ.എ പോസ്‌റ്റ് നീക്കം ചെയ്‌തു.
ഒരു വർഷം മുൻപ് നിർമ്മിച്ച വീടിന്റെ ഈ ചിത്രം വീട്ടുടമയായ ജെമിച്ചൻ ജോസ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഷെയർ ചെയ്‌തിരുന്നു. തുടർന്ന് ഇപ്പോൾ അതേ ചിത്രം എം.എൽ.എ ഷെയർ ചെയ്‌തതാണ് വിവാദമായത്. ചിത്രം പിൻവലിച്ചതിന്റെ വിശദീകരണം വി.കെ പ്രശാന്ത് നൽകിയിട്ടില്ല.