കൊവിഡ് രോഗികളുടെ മരണം: പൊലീസ് അന്വേഷണം വിപുലമാക്കി

Friday 23 October 2020 12:41 AM IST

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭിക്കാതെ കൊവിഡ് രോഗികൾ മരിച്ചെന്ന പരാതികളിൽ പൊലീസ് ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചു തുടങ്ങി. അതേസമയം, വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. നജ്മ വിവാദങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.

ഹാരിസ്, ബൈഹക്കി, ജമീല എന്നിവർ ചികിത്സയിൽ കഴിഞ്ഞ കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരിൽ നിന്ന് മൊഴിയെടുക്കുകയും ചികിത്സാരേഖകൾ പരിശോധിക്കുകയും ചെയ്യും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുമായി പൊലീസ് സംസാരിച്ചിരുന്നു.

ജൂലായ് 20 ന് ഫോർട്ടുകൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തിൽ ഭാര്യാസഹോദരൻ അൻവറിൽ നിന്നാണ് കളമശേരി എസ്.ഐയുടെ നേതൃത്വത്തിൽ വിവരങ്ങൾ ശേഖരിച്ചത്.

മരണത്തിന്റെ പിറ്റേന്ന് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയുടെ പകർപ്പും ശേഖരിച്ചു. ഹാരിസിന്റെ ഭാര്യയിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭാര്യ റുക്‌സാന.

മെഡിക്കൽ കോളേജിൽ മരിച്ച ആലുവ മനയ്ക്കപ്പടി സ്വദേശിനി ജമീലയുടെ ബന്ധുക്കളും ഇന്നലെ കളമശേരി പൊലീസിൽ പരാതി നൽകി. ആശുപത്രി മാറ്റാൻ ആലോചിച്ചെങ്കിലും മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ് പിന്തിരിപ്പിച്ചതെന്നും പരാതിയിലുണ്ട്.

ആശുപത്രിയിലെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ഡോ. നജ്മ നൽകിയ പരാതി സൈബർ സെല്ലിന് കൈമാറും.

മേലധികാരികൾ അന്വേഷിക്കട്ടെ

രോഗികളുടെ മരണത്തിൽ വീഴ്ചയില്ലെന്ന് വാദിക്കുന്ന മെഡിക്കൽ കോളേജ് അധികൃതർ മേലധികാരികൾ അന്വേഷിക്കട്ടെയെന്ന നിലപാടിലാണ്. കോളേജ് വൈസ് പ്രിൻസിപ്പലും കമ്മ്യൂണിറ്റി മെഡിസിൻ മേധാവിയും ചേർന്ന് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തള്ളിയിരുന്നു. ഡയറക്ടറേറ്റ് കൂടുതൽ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചത്. പുറത്തുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ ഡയറക്ടർ നിയമിക്കുമെന്നാണ് സൂചനകൾ.