രണ്ടാമതും വനിതാ അംബാസഡറെ നിയമിച്ച് സൗദി

Friday 23 October 2020 12:00 AM IST

റിയാദ്: സൗദിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിത അംബാസഡറായി സ്ഥാനമേറ്റ് അമാൽ ബിന്ത് യാഹ്യ അൽ മൊയല്ലിമി. നോർവേ സ്ഥാനപതിയായാണ് അമാൽ സ്ഥാനമേറ്റത്. റീമ ബിൻത് ബന്തർ അൽ സൗദ് രാജകുമാരിയാണ് ആദ്യമായി അംബാസിഡറായി നിയമിതയായത്. സൗദിയുടെ അമേരിക്കൻ അംബാസഡറാണിവർ.

സൗദി അറേബ്യൻ മനുഷ്യാവകാശ കമ്മിഷന്റെ അന്താരാഷ്ട്ര സഹകരണത്തിന്റെ ജനറൽ മാനേജർ കൂടിയാണ് അമാൽ. സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ നാഷണൽ ഡയലോഗിൽ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ പദവി വഹിച്ചിട്ടുണ്ട്. പ്രഭാഷകയെന്ന നിലയിൽ നിരവധി അന്താരാഷ്ട്ര, പ്രാദേശിക സമ്മേളനങ്ങളിൽ അമാൽ പങ്കെടുത്തിട്ടുണ്ട്.

'വിഷൻ 2030 ൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സൗദി സ്ത്രീകൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഒരു മേഖലയും ഇല്ല' - ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കമ്മിഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ESCWA) പരിപാടിയിൽ പ്രംസിക്കവേ അമാൽ പറഞ്ഞു. അമാലിന്റെ സഹോദരൻ അബ്ദുല്ല അൽ മൗലിമി ഐക്യരാഷ്ട്രസഭയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അംബാസഡർ ആണ്.

'അംബാസിഡറായി സൽമാൻ രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരി അമാലിനെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തെ സ്നേഹിക്കാനും ഭരണാധികാരിയോട് വിശ്വസ്തത പുലർത്താനും ഞങ്ങളെ വളർത്തിയ അച്ഛനും അമ്മക്കും ദൈവത്തിനും സ്തുതി' എന്ന് അബ്ദുല്ല അൽ മൗലിമി ട്വീറ്റ് ചെയ്തു.

 സൗദി സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിംഗ്ഡം വിഷൻ 2030 പ്രോഗ്രാം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് രണ്ടാമത്തെ വനിതാ അംബാസിഡറുടെ നിയമനം. സൗദി വനിതകൾക്ക് ഇതിനകം തന്നെ നിരവധി അവസരങ്ങൾ രാജ്യം നൽകുന്നുണ്ട്. വാഹനമോടിക്കാനുള്ള അവകാശം അതിലൊന്നാണ്.