അപകടത്തിൽപ്പെട്ട വിമാനം രണ്ടു വർഷം കരിപ്പൂരിൽ

Friday 23 October 2020 12:00 AM IST

കൊണ്ടോട്ടി: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം പരിശോധനകൾക്കും തുടരന്വേഷണത്തിനുമായി രണ്ടു വർഷം വരെ അവിടെ സൂക്ഷിക്കും. വിമാനം പൂർവ്വസ്ഥിതിയിലാക്കാനോ ഭാഗങ്ങൾ പ്രയോജനപ്പെടുത്താനോ ആവില്ല. പരിശോധനകളും തുടരന്വേഷണങ്ങളും നടത്തിയ ശേഷം വിമാനം മാറ്റുന്ന കാര്യം തീരുമാനിക്കും.

അപകടം നടന്ന സ്ഥലത്ത് നിന്ന് വിമാനം റൺവേയുടെ തെക്കുഭാഗത്തെ താഴ്‌വാരത്തേയ്ക്ക് മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു. . ഇന്നലെ വിമാനത്തിന്റെ മുഖഭാഗമാണ് അപകടസ്ഥലത്തു നിന്ന് ക്രെയിനുപയോഗിച്ച് ഉയർത്തി ട്രാക്കിലേക്ക് വച്ചത്. ഇതോടൊപ്പം വിമാനത്തിന്റെ രണ്ടു ചിറകുകളും വേർപ്പെടുത്തുന്ന പ്രവൃത്തികൾ തുടങ്ങി. വിമാനത്തിലെ ഇന്ധനം അപകടം വരുത്താതിരിക്കാൻ വെളളം പമ്പ്‌ ചെയ്യുന്നുണ്ട്.കാണാതായ ചെറിയ യന്ത്രങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. എയർഇന്ത്യയുടെ അന്വേഷണ , ടെക്നിക്കൽ വിഭാഗത്തിലുള്ളവരടക്കം സംഭവസ്ഥലത്തുണ്ട്. വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും പ്രവൃത്തികൾ നിറുത്തിവയ്ക്കും..