24 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

Saturday 24 October 2020 12:02 AM IST

പത്തനംതിട്ട : ജില്ലയിലെ 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂർണാദേവിയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറസിലൂടെ ചേർന്ന ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി നിലാവ്, ടേക്ക് എ ബ്രേക്ക് പ്രോജക്ട് എന്നിവ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി സമർപ്പിച്ച 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്‌ക്കരിച്ച പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. 18 ഗ്രാമ പഞ്ചായത്തുകളും നാലു ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു നഗരസഭകളും വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നേടി.

പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങൾ രണ്ടു വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ചു വീതം മുനിസിപ്പാലിറ്റികളും ഏറ്റെടുത്തു നടപ്പിലാക്കണമെന്ന സർക്കാർ നിർദേശം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാലിക്കണമെന്നു യോഗം നിർദേശിച്ചു. വാർഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത എല്ലാ പ്രൊജക്ടുകളും സമയബന്ധിതമായി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആത്മാർത്ഥമായി ശ്രമിക്കണമെന്നും യോഗം നിർദേശം നൽകി. ജില്ലാ കളക്ടർ പി.ബി. നൂഹ്, അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി, ഡി.പി.സി അംഗങ്ങൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും ഓൺലൈനായി പങ്കെടുത്തു.