അവയവ മാഫിയ സജീവം; നടക്കുന്നത് കോടികളുടെ വൃക്ക തട്ടിപ്പ്

Saturday 24 October 2020 12:20 AM IST

തിരുവനന്തപുരം: സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അല്ലാതെയുള്ള അവയവദാനം കർശനമായി വിലക്കുന്ന നിയമം അട്ടിമറിച്ച് അവയവക്കച്ചവടം നടത്തി കോടികൾ കൊയ്യുന്ന മാഫിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.

സ്വകാര്യാശുപത്രികളും ഡോക്ടർമാരും സർക്കാർ ജീവനക്കാരും ഏജന്റുമാരുമടങ്ങിയ അവയവ മാഫിയ രണ്ട് വർഷമായി സംസ്ഥാനത്തെമ്പാടും നിരവധി പേരെ കബളിപ്പിച്ചും പണം നൽകിയും പ്രേരിപ്പിച്ചും വൃക്ക തട്ടിയെടുത്തെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തി. വൃക്കമാറ്റിവയ്‌ക്കാൻ 1660 പേർ മൃതസഞ്ജീവനിയിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുമ്പോഴാണിത്.

തൃശൂർ,​ കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ അവയവ തട്ടിപ്പ് നടന്നത്. കൊടുങ്ങല്ലൂരിൽ തട്ടിപ്പിനരായവരിൽ നിന്ന് അന്വേഷണം ആരംഭിക്കും. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്.സുദർശനനാണ് അന്വേഷണചുമതല.

മാഫിയയുടെ ഏജന്റുമാർ നിരവധി പേരെ സർക്കാർ പദ്ധതിയാണെന്ന് നുണപറഞ്ഞും പ്രേരിപ്പിച്ചും വൃക്കകൾ ദാനം ചെയ്യിച്ചു. സർക്കാ‌ർ ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിന്നു. ഇതിനായി പണം നൽകി. ചിലർക്ക് തുച്ഛമായ പണം നൽകി. പലർക്കും പണം നഷ്ടമായി. വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്രനിയമമായ 'ട്രാൻസ്‌പ്ലാന്റേഷൻ ഒഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് ' ലംഘിച്ചാണ് അവയവക്കച്ചവടം. ഐ.പി.സി 417, 119, 120(ബി), കേന്ദ്രനിയമത്തിലെ 19(എ, ബി, സി) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

നിയന്ത്രണങ്ങൾ

  • ആശുപത്രികൾ തമ്മിൽ അവയവ കൈമാറ്റം പാടില്ല.
  • അവയവ മാറ്റത്തിന് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യണം. രോഗിയുടെ പേര് രജിസ്റ്റർ ചെയ്യുന്നത് ആശുപത്രികളാണ്. അവയവം നൽകുന്നത് മുൻഗണന നോക്കി. തീരുമാനിക്കുന്നത് മൃതസഞ്ജീവനിയുടെ സംസ്ഥാന സമിതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രാൻസ്‌പ്ലാന്റ് കോ-ഓർഡിനേറ്റർ വഴിയേ അവയവദാനം നടത്താനാവൂ. 43 ആശുപത്രികൾക്കാണ് അവയവമാറ്റത്തിന് അനുമതി.

ദാനം ചെയ്യാവുന്നത്

ജീവിച്ചിരിക്കുമ്പോൾ കരൾ, വൃക്ക, മജ്ജ എന്നിവയും മസ്തിഷ്‌ക മരണ ശേഷം കണ്ണ്, പാൻക്രിയാസ്, ശ്വാസകോശം, ഹൃദയം, ചെറുകുടൽ എന്നിവയും ദാനംചെയ്യാം.

കോടികളുടെ കച്ചവടം

  • വൃക്ക 75ലക്ഷം മുതൽ ഒരു കോടി വരെ
  • ഹൃദയത്തിനും ശ്വാസകോശത്തിനും 50ലക്ഷം
  • കരളിന് 60 ലക്ഷം
  • പാൻക്രിയാസിനും ചെറുകുടലിനും 30ലക്ഷം
  • കോർണിയയ്‌ക്ക് അഞ്ച് ലക്ഷം.

കേരളത്തിലെ അവയവ മാറ്റം ഇതുവരെ

  • വൃക്ക-525
  • കരൾ-242
  • ഹൃദയം-58
  • പാൻക്രിയാസ്-11
  • കൈകൾ-10
  • ശ്വാസകോശം-4
  • ചെറുകുടൽ-3

വൃക്കയ്ക്കായി കാത്തിരിക്കുന്നവർ

  • ആകെ-1660
  • ഒ ഗ്രൂപ്പ് - 838
  • എ ഗ്രൂപ്പ്- 443
  • ബി ഗ്രൂപ്പ്- 440
  • എ ബി ഗ്രൂപ്പ് -- 131

വൃക്ക വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ട കുറേപ്പേർ കൊടുങ്ങല്ലൂരിലുണ്ട്. എല്ലാ വൻകിട ആശുപത്രികളിലും ഏജന്റുമാരുണ്ട്. തട്ടിപ്പുകളെല്ലാം കണ്ടെത്തും

-കെ.എസ്.സുദർശൻ

ക്രൈംബ്രാഞ്ച് എസ്.പി