സപ്തമിക്ക് ക്രിയാശക്തിയുടെ കാളരാത്രി പൂജ

Friday 23 October 2020 11:39 PM IST

സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങളൾ ചെയ്യുന്നതിലാണ് ജീവിത വിജയമെന്ന തിരിച്ചറിവു നൽകുന്ന ക്രിയാശക്തിയാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്കു സമ്മാനിക്കുന്നത്. കാളരാത്രി എന്ന ദേവീ അവതാരത്തെയാണ് നവരാത്രിയുടെ ഏഴാം ദിവസമായ സപ്തമിയിൽ ആരാധിക്കുന്നത്. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്നു ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാളരാത്രിയുടെ ആരാധന.


ഭഗവതിയുടെ ഏഴാമത്തെ രൂപമാണ് കാളരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാളരാത്രി മാതാ ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ത്രിലോചനയായ ദേവിയെ ദുർഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലു കരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതു കരം സദാ ഭക്തരെ ആശീർവദിച്ചു കൊണ്ടിരിക്കുന്നു. കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലു കൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്.

സദാ ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസഭാവമാണ് ദേവി കാളരാത്രി (മഹാ കാളി). രക്തബീജൻ, ചണ്ഡമുണ്ഡൻ എന്നീ അസുരന്മാരെ ദേവി ഈ കാളീ രൂപത്തിലാണ് വധിച്ചത്. നവരാത്രിയിൽ ലളിത ത്രിപുരസുന്ദരിയായ പരാശക്തിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവതി ശക്തി പ്രദാനം ചെയ്യുന്നു. ശിവൻ സംഹാര മൂർത്തിയായ മഹാകാലേശ്വരൻ ആകുമ്പോൾ പാർവതി മഹാകാളി ആയി മഹാദേവനെ സംഹാര കർമ്മത്തിൽ സഹായിക്കുന്നു.

നവരാത്രിയിലെ അവസാന മൂന്നു നാൾ ദുർഗാദേവിയെ സരസ്വതിയായി സങ്കല്പിച്ച് പൂജ നടത്തുന്നു. ഏഴാം ദിവസം കാളരാത്രിയായും ദുർഗാഷ്ടമി നാളിൽ ദുർഗയായും മഹാനവമി ദിനത്തിൽ മഹാലക്ഷ്മിയായും വിജയദശമിയിൽ മഹാസരസ്വതിയായും ആരാധിക്കുന്നു. ആരാധനയുടെയും നൃത്തത്തിന്റെയും ഉത്സവമായ നവരാത്രിയുടെ ഒൻപത് രാത്രികളിൽ ശക്തിയുടെ ഒൻപതു രൂപങ്ങളെയാണ് ദേവിയെ ആരാധിക്കുന്നത്. നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്നു ദിവസം ദേവിയെ പാർവതിയായി സങ്കല്‍പിച്ചപ്പോൾ അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചാണ് പൂജ.

വിദ്യയുടെ അധിപതിയാണ് സരസ്വതീദേവി. ശിവശക്തിയും ആദിപരാശക്തിയുമായ ദുർഗാദേവിയുടെ ഒൻപത് ഭാവങ്ങളെ നവദുർഗാ പുരാണത്തിന്റെ ആത്മസത്തയ്ക്കു ചേരും വിധം മനോഹരമായ ചിത്രസാക്ഷാത്കാരമൊരുക്കുകയാണ് തിരുവനന്തപുരം നേമം ആസ്ഥാനമായ ധന്വന്തരി കളരി സംഘം. കളരിയിലെ തനത് ആരോഗ്യ പരിപാലന പദ്ധതിയായ അഗസ്ത്യം നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് കളരി ഗുരുക്കളും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ഡോ.മഹേഷ് ആണ് ആയോധനമുറകളുടെ പശ്ചാത്തലമുപയോഗിച്ച് വ‌ർത്തമാനകാല ഭാഷ്യമൊരുക്കുന്നത്.