തൊഴിലാളികള്‍ക്കായി ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിട നഗരം സ്ഥാപിക്കുന്നു

Saturday 24 October 2020 8:47 PM IST

റിയാദ്: തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിട നഗരം സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം മെക്ക ഗവര്‍ണര്‍ക്ക് വേണ്ടി ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പങ്കെടുത്ത ചടങ്ങില്‍ ഒപ്പുവെച്ചു. ജിദ്ദ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി അമീര്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ അല്‍ജലവി, ജിദ്ദ മേയര്‍ സ്വാലിഹ് ബിന്‍ അലി തുര്‍ക്കി, മേഖല ലേബേഴ്‌സ് ഹൗസിംഗ് സമിതി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കെട്ടിടങ്ങള്‍ക്കാവശ്യമായ വൈദ്യുതി സോളാര്‍ സംവിധാനം വഴിയാണ് ലഭ്യമാക്കുന്നത്. സമുച്ചയത്തിലെ ഡ്രൈയിനേജ് സംവിധാനം പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതിയിലുള്ളതാണ്. തൊഴിലാളികള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സമുച്ചയത്തിലുണ്ടാകും. 18 മാസം കൊണ്ട് പാര്‍പ്പിട പദ്ധതി പൂര്‍ത്തിയാകും.

2,50,000 ചതുരശ്ര മീറ്ററില്‍ 17,000 തൊഴിലാളിള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിട സമുച്ചയം അബ്‌റക് റആമ ബലദിയ മേഖലയിലാണ് നിര്‍മിക്കുന്നത്. ക്ലിനിക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, കായിക ഗ്രൗണ്ടുകള്‍, എ.ടി.എം സൗകര്യം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പള്ളികള്‍, ഹോട്ടലുകള്‍, ക്വാറന്റീന്‍ റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.