സ്വപ്നയുടെ ഇടപാടുകൾ എല്ലാം ശിവശങ്കർ അറിഞ്ഞുതന്നെ, വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്

Sunday 25 October 2020 11:22 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുളള ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ പണമിടപാടുകളെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് നേരത്തേ ശിവശങ്കർ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്സാപ്പ് ചാറ്റുകൾ.

കഴിഞ്ഞദിവസം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇ ഡി ഹൈക്കോടതിയിൽ അദ്ദേഹത്തിന്റെ ചാറ്റുവിവരങ്ങൾ നൽകിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുത്തുവന്നിരിക്കുന്നതെന്നാണ് കരുതുന്നത്. സ്വപ്നയെ മറയാക്കി ശിവശങ്കർ പണമിടപാട് നടത്തിയിരുന്നു എന്നാണ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇഡി ഹൈക്കോടതിയിൽ പറഞ്ഞിരുന്നത്.

2018 നവംബ‍ർ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിം​ഗ് ആരംഭിക്കുന്നത്. സ്വപ്നയ്ക്ക് വേണ്ടി ലോക്കറിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പിൽ ച‍ർച്ച ചെയ്യുന്നുണ്ട്. നിക്ഷേപം എങ്ങനെയെല്ലാം കൈകാര്യം ചെയ്യാമെന്ന് വേണു​ഗോപാലിനോട് ശിവശങ്ക‍‍ർ ചോദിക്കുന്നുണ്ട്.

ഇ ഡി ശിവശങ്കറിനോട് 35 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെക്കുറിച്ച് അറിയുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വേണു​ഗോപാലുമായി പണമിടപാടിനെക്കുറിച്ച് ച‍ർച്ച ചെയ്തിരുന്നുവോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നുതന്നെയായിരുന്നു മറുപടി. എന്നാൽ ചാറ്റ് വിവരങ്ങൾ പുറത്തുവന്നതോടെ ഇടപാടുകൾ എല്ലാം ശിവശങ്കറിന്റെ അറിവോടെയാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇ ഡി ശിവശങ്കറിനെതിരായ കൂടുതൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.