ലൈഫിൽ പുതിയ വിവാദം, പദ്ധതി പ്രഖ്യാപനത്തിനായി പൊടിച്ചത് 33 ലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ ലൈഫ് പദ്ധതിയുടെ പ്രഖ്യാപനത്തിനായി പൊടിച്ചത് 33ലക്ഷം രൂപ. നേരത്തേ പ്രഖ്യാപനത്തിനുളള ചെലവായി നിശ്ചയിച്ചിരുന്നത് 30 ലക്ഷം രൂപയായിരുന്നു. എന്നാൽ പിന്നീട് മൂന്നുലക്ഷം രൂപ കൂടി സർക്കാർ അനുമതിയില്ലാതെ അധികം ചെലവാക്കുകയായിരുന്നു. രേഖകൾ പുറത്തുവന്നതോടെ ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പദ്ധതി പ്രഖ്യാപനത്തിൽ അനാവശ്യ ധൂർത്ത് കാണിക്കുന്നു എന്ന് പരിപാടിയുടെ ഉദ്ഘാടനത്തിനുതന്നെ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടത്തായിരുന്നു പ്രഖ്യാപനച്ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ലൈഫ് പദ്ധതിയിൽ രണ്ടുലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെയും തിരുവനന്തപുരം ജില്ലയിൽ വീട് കിട്ടിയവരുടെ കുടുംബസംഗമവുമായിരുന്നു അന്ന് നടന്നത്. മുപ്പതുലക്ഷം രൂപയായിരുന്നു ചടങ്ങിനായി നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ ചടങ്ങ് കഴിഞ്ഞപ്പോൾ ചെലവ് 33 ലക്ഷമാവുകയായിരുന്നു. സമയപരിമിതിമൂലം ചില കാര്യങ്ങൾ നേരിട്ട് ചെയ്യേണ്ടി വന്നതുകൊണ്ടാണ് മൂന്നുലക്ഷം അധികം ചെലവാകേണ്ടിവന്നതെന്നാണ് ലൈഫ് മിഷന്റെ വിശദീകരണം.
സർക്കാരിന്റെ അനുമതിയില്ലാതെയാണ് മൂന്നുലക്ഷം രൂപ അധികം ചെലവഴിച്ചതെങ്കിലും പണം സർക്കാർ ലൈഫ് മിഷന് നൽകിയിട്ടുണ്ട്. സർക്കാരിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കരുതെന്ന നിർദ്ദേശത്തോടെയാണ് പണം നൽകിയിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിക്കെതിരെ തന്നെ വൻ ആരോപണങ്ങൾ ഉയർന്നിരിക്കുന്നവേളയിലാണ് അധിക ചെലവിനെക്കുറിച്ചുളള വിവരങ്ങളും പുറത്തുവന്നത്.