പാർട്ടി നിർദ്ദേശം അംഗീകരിച്ചേക്കും, സി.ബി.ഐക്ക് സർക്കാർ കടിഞ്ഞാൺ
പൊതു അന്വേഷണ അനുമതി റദ്ദാക്കാൻ നീക്കം
സി.പി.എമ്മിനെ ചൊടിപ്പിച്ചത് ലൈഫ് മിഷൻ കേസിലെ ഇടപെടൽ
അനുമതി റദ്ദാക്കലിന് മുൻകാല പ്രാബല്യ സാദ്ധ്യത തേടും
തിരുവനന്തപുരം: കേന്ദ്ര ഏജൻസിയായ സി.ബി.ഐക്ക് ഏതു കേസിലും അന്വേഷണത്തിനു നൽകിയ മുൻകൂർ പൊതുഅനുമതി റദ്ദാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സി.ബി.ഐ ഉൾപ്പെടെ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള കക്ഷികൾ ഉയർത്തിയതിനു പിന്നാലെയാണ് സർക്കാർ നീക്കം. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് സൂചന.
മോദി സർക്കാർ രാഷ്ട്രീയലാക്കോടെ സി.ബി.ഐയെ ഉപയോഗിക്കുന്നതായി രാഹുൽഗാന്ധിയടക്കം ആരോപിക്കുകയും, വിവിധ ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകൾ സി.ബി.ഐക്കുള്ള മുൻകൂർ പൊതുഅനുമതി വിലക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കേരള സർക്കാരും ഇതാലോചിക്കണമെന്ന് കഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശമാണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ സംശയനിഴലിലാക്കി വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന്റെ പേരിൽ സി.ബി.ഐ കേസെടുത്തതിനെതിരെ ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. സി.ബി.ഐ ഈ കേസിൽ ഇടപെട്ടതോടെയാണ് കേന്ദ്ര ഏജൻസിക്കെതിരെ സി.പി.എം വിമർശനം കടുപ്പിച്ചതും. മുൻകാല പ്രാബല്യത്തോടെ സി.ബി.ഐക്കുള്ള മുൻകൂർ അനുമതി റദ്ദാക്കാനാകുമോ എന്നതിൽ സർക്കാർ നിയമോപദേശവും തേടിയതായാണ് വിവരം.
പൊതു അനുമതി റദ്ദാക്കുന്നതോടെ സംസ്ഥാനസർക്കാർ ആവശ്യപ്പെടുന്ന കേസുകളിൽ മാത്രമേ സി.ബി.ഐക്ക് അന്വേഷണം നടത്താനാകൂ. ഓരോ കേസും അന്വേഷിക്കാൻ സി.ബി.എ സംസ്ഥാന സർക്കാരിന്റെ വെവ്വേറെ അനുമതി തേടണം. പൊതു അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഭേദഗതി ഉത്തരവായിരിക്കും മന്ത്രിസഭായോഗം പരിഗണിക്കുക.
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് കേസുകളിൽ സി.ബി.ഐ അന്വേഷണം നടത്തിവരുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ കേസുകൾ സി.ബി.ഐക്ക് നേരിട്ടന്വേഷിക്കാം. സംസ്ഥാനങ്ങളിൽ അതത് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി വേണം. കേരളമടക്കം മിക്ക സംസ്ഥാനങ്ങളും അത് നേരത്തേ നൽകിയതാണ്. സി.ബി.ഐയെ രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപം സമീപകാലത്തായി ശക്തമായതോടെയാണ് വിവിധ സംസ്ഥാനങ്ങൾ പുന:പരിശോധനയ്ക്ക് തയാറായത്. സർക്കാരിന്റെ അനുമതിയില്ലെങ്കിലും സുപ്രീംകോടതിയോ ഹൈക്കോടതിയോ ഉത്തരവിടുന്ന കേസുകളിൽ സി.ബി.ഐക്ക് അന്വേഷണം നടത്താനാകും.
സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സംസ്ഥാനസർക്കാർ തന്നെയാണ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചതെങ്കിലും ഒരു ഘട്ടം പിന്നിട്ടപ്പോൾ, കേസിന്റെ യഥാർത്ഥ ഉറവിടത്തിലേക്ക് അന്വേഷണം കടന്നുചെല്ലാത്തത് ചൂണ്ടിക്കാട്ടി സി.പി.എമ്മും സി.പി.ഐയും വിമർശനമുയർത്തിയെങ്കിലും, അന്വേഷണ ഏജൻസികളെ തള്ളിപ്പറയുന്ന സമീപനം മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായിരുന്നില്ല.
പശ്ചിമബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ നേരത്തേ അനുമതി റദ്ദാക്കി. മഹാരാഷ്ട്ര സർക്കാർ കഴിഞ്ഞാഴ്ച റദ്ദാക്കി. രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നാരോപിച്ചാണിത്. ഇതേ മാതൃകയാണ് കേരളവും പിന്തുടരാനൊരുങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തിൽ കോടതിയിടപെടലൊന്നും ഉണ്ടായിട്ടില്ലെന്നതും ഇക്കാര്യത്തിൽ അനുകൂലഘടകം.