വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമരം രണ്ടാം ദിനത്തിൽ, പ്രതിപക്ഷ നേതാവും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും ഇന്ന് സമരപന്തലിലെത്തും
പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി തേടിയുള്ള മാതാപിതാക്കളുടെ സത്യാഗ്രഹം രണ്ടാം ദിനത്തിൽ. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ സമര പന്തലിലെത്തും. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് വാളയാറിലെ മദ്യദുരന്തമെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. മദ്യ ദുരന്തമുണ്ടായ ചെല്ലങ്കാവ് കോളനിയും ചെന്നിത്തല സന്ദർശിക്കും.
കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുന്ന ഇന്നലെയാണ് സമരം ആരംഭിച്ചത്. കോടതി മേൽനോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം.നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ സത്യാഗ്രഹം തുടരുമെന്ന് അവർ പറഞ്ഞു.
2019 ൽ വിധി വന്നശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോൾ ഏതന്വേഷണത്തിനും കൂടെയുണ്ടാകുമെന്ന് നൽകിയ ഉറപ്പ് പാഴായി. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിലനിൽക്കെ, അന്വേഷണ മേധാവിയായ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നൽകിയത് അട്ടിമറിയാണെന്നും മാതാപിതാക്കൾ ആരോപിച്ചു.പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ അടുത്തയാഴ്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കെയാണ് സമരം.